പൊലീസില്‍ കയറിയത് തിരിമറിയിലൂടെ, ജോലി നേടിയത് വ്യാജരേഖ ചമച്ച്‌, 27 വര്‍ഷത്തിന് ശേഷം ശിക്ഷ വിധിച്ച്‌ കോടതി

തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസില്‍ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങള്‍ക്ക് ശേഷം തടവുശിക്ഷ വിധിച്ച്‌ ഉത്തർപ്രദേശിലെ കോടതി.ഹാഥ്റാസ് ജില്ലയിലെ സിത്രാപൂർ സ്വദേശിയായ ഭോജ്‌രാജിനാണ് ആഗ്രയിലെ കോടതി 3 വർഷം തടവും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 1999-ല്‍ പ്രൊവിൻഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറിയില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുമ്പോള്‍ ഭോജ്‌രാജ് വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതാണ് കേസിന് ആധാരം. സർട്ടിഫിക്കറ്റ് പരിശോധന വേളയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.അന്നത്തെ ക്ലർക്കായിരുന്ന പ്രദീപ് കുമാർ വർമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 1999 ജനുവരി 1-ന് ആഗ്രയിലെ താജ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അതേ വർഷം മെയ് 31-ന് പോലീസ് കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിവാനന്ദ് ഗുപ്തയുടെ മുൻപാകെയാണ് കേസിന്‍റെ വിചാരണ നടന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പരിശോധിച്ച കോടതി, വ്യാജരേഖയിലൂടെ സർക്കാർ ജോലി നേടിയ കുറ്റത്തിന് ഭോജ്‌രാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പിഴ തുക അടച്ചില്ലെങ്കില്‍ പ്രതി കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടിവരും. 1998-99 കാലഘട്ടത്തില്‍ നടന്ന ഈ ജോലി തട്ടിപ്പ് കേസിനാണ് നീണ്ട രണ്ടര പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *