സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസില്‍ അന്വേഷണം കൂടുതല്‍ കർശനമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).ആശുപത്രി അധികൃതർക്ക് പുറമെ, അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയകളുടെ മറവില്‍ ഡോക്ടർമാർ വൻതുക കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടോന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുക.കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ സീനിയർ കണ്‍സള്‍ട്ടന്റുമാർ ഉള്‍പ്പെടെയുള്ള ഡോക്ടർമാരെ ഇഡി നേരത്തെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അവയവക്കടത്തിന്റെ മറവില്‍ കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി കേസ്. ഇതിന്റെ ഭാഗമായി കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിവിധ മുൻനിര ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തുകയും സുപ്രധാന രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.അവയവദാന റാക്കറ്റുകളും മുൻനിര ആശുപത്രികളും തമ്മില്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കുന്നത്. സംശയനിഴലിലുള്ള ഡോക്ടർമാരുടെ ബാങ്ക് നിക്ഷേപങ്ങള്‍, സ്രോതസ്സ് വെളിപ്പെടുത്താത്ത സ്വത്തുവിവരങ്ങള്‍ എന്നിവയെല്ലാം ഇഡി വിശദമായി പരിശോധിക്കും.അവയവക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ മുഖ്യ ഏജന്റ് നജീബുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലാണ് പ്രധാനമായും പരിശോധന നടന്നത്. നിയമവിരുദ്ധമായ അവയവദാനത്തിനായി വ്യാജ രേഖകള്‍ ചമച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് ഇഡിയുടെ ഈ നിർണായക നീക്കം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കുമെന്നാണ് സൂചന.
ശസ്ത്രക്രിയയുടെ മറവില്‍ വന്‍തുക കമ്മീഷന്‍ കൈപ്പറ്റിയെന്ന് സംശയം; അവയവക്കടത്ത് കേസില്‍ ഡോക്ടര്‍മാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി
