മലപ്പുറം കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍.വടകര സ്വദേശി ബല്‍രാജിന്റെ അറസ്റ്റാണ് കല്‍പകഞ്ചേരി പൊലീസ് രേഖപ്പെടുത്തിയത്. കല്ലിങ്ങല്‍ എംഎസ്‌എംഎച്ച്‌എസ്‌എസിലെ അധ്യാപകനാണ് ബല്‍രാജ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ ഇന്നലതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ അല്‍പസമയത്തിനകം പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കില്‍ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡില്‍ എഴുതിപ്പിച്ചു. കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടില്‍ എത്തിച്ചു. രക്ഷിതാക്കള്‍ ആണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റില്‍
