ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മുത്തച്ഛന്റെ സ്വത്ത് ഭാഗംവെച്ചപ്പോള്‍ പിതാവിന് ലഭിച്ച വിഹിതത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ലെന്ന് സുപ്രീം കോടതി.വിഭജനത്തിലൂടെ പിതാവിന് ലഭിക്കുന്ന സ്വത്ത് അദ്ദേഹത്തിന്റെ സ്വന്തം വ്യക്തിഗത സ്വത്തായി മാറുമെന്നും അവിടെ ഹിന്ദു കുടുംബത്തിന്റെ കൂട്ടവകാശങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് സുനിത അഗർവാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ വിശദീകരിച്ച് നിർണായക വിധി പുറപ്പെടുവിച്ചത്.പൂർവിക സ്വത്തിലെ അവകാശവാദവും തർക്കവുംതമിഴ്നാട്ടില്‍നിന്നുള്ള ജെ രാജേഷ് എന്ന വ്യക്തിയാണ് പിതാവിന്റെ സ്വത്തില്‍ പകുതി അവകാശം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ മുത്തച്ഛനായ എൻ രാമകൃഷ്ണന്റെ മരണശേഷം കുടുംബസ്വത്ത് വീതംവെച്ചപ്പോള്‍ 1,811 ചതുരശ്ര അടി സ്ഥലം പിതാവിന് ലഭിച്ചിരുന്നു. തുടർന്ന് 1997ല്‍ പിതാവ് ഈ ഭൂമി രണ്ട് വ്യക്തികള്‍ക്കായി വിറ്റു. എന്നാല്‍, ഭൂമി പൂർവിക സ്വത്താണെന്നും തനിക്ക് ജനനത്താല്‍ ഇതില്‍ പകുതി അവകാശമുണ്ടെന്നും പിതാവിന് ഇത് വില്‍ക്കാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ അമ്മ മുഖേന കോടതിയിലെത്തിയത്. വിചാരണക്കോടതി തുടക്കത്തില്‍ കൊച്ചുമകന് അനുകൂലമായി വിധി പറഞ്ഞെങ്കിലും മദ്രാസ് ഹൈക്കോടതി ഇത് റദ്ദാക്കി. തുടർന്ന് നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ഒരു പുരുഷന്റെ മരണശേഷം സ്വത്ത് നേരിട്ട് ഒന്നാം ക്ലാസ് അവകാശികളിലേക്കാണ് എത്തുന്നത്. മകൻ ജീവിച്ചിരിക്കുമ്പോള്‍ കൊച്ചുമകനെ എട്ടാം വകുപ്പില്‍ ഒന്നാം ക്ലാസ് അവകാശിയായി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ മരണശേഷം സ്വത്ത് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭാഗംവെച്ചു കഴിഞ്ഞാല്‍, ലഭിച്ച വ്യക്തിക്ക് ആ സ്വത്തിന്മേല്‍ പൂർണവും സ്വതന്ത്രവുമായ ഉടമസ്ഥാവകാശം വന്നുചേരുന്നു. അത്തരം സാഹചര്യത്തില്‍ മകന് ലഭിച്ച സ്വത്ത് സ്വന്തം കുടുംബത്തിന്റെ കൂട്ടുകുടുംബ സ്വത്തായി മാറുന്നില്ലെന്നും അതിനാല്‍ അതില്‍ കൊച്ചുമകന് അവകാശം ചോദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
