ഇംഫാൽ: വംശീയ കലാപത്തെ തുടർന്ന് നിരവധി പേർ ഭവനരഹിതരായ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ജനസംഖ്യാ കണക്കെടുപ്പ് 2027 ഏപ്രിൽ 30 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.(Manipur Census To Remain On Hold Till April 2027 Rules High Court)ചീഫ് ജസ്റ്റിസ് എം. സുന്ദർ, ജസ്റ്റിസ് എ. ഗുണേശ്വർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തീർപ്പാക്കിക്കൊണ്ട് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗ് മണിപ്പൂരിൽ നടത്തുന്നതിനെ ചോദ്യം ചെയ്ത് പൊതുപ്രവർത്തകരും വിദ്യാർത്ഥി സംഘടനകളും സമർപ്പിച്ച ഹർജികളിലാണ് നടപടി. വംശീയ അതിക്രമങ്ങളെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യത്തിൽ കൃത്യമായ കണക്കെടുപ്പ് സാധ്യമല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കിയ ശേഷമേ സെൻസസ് നടത്താവൂ എന്നാണ് മെയ്തെയ്, നാഗാ സംഘടനകളുടെ ആവശ്യം. പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും ആശങ്കകൾ പരിഗണിച്ച് വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ ജനറൽ രജിസ്ട്രാർക്കും സെൻസസ് കമ്മീഷണർക്കും കോടതി നിർദേശം നൽകി.
അതോടൊപ്പം, അധികാരികൾ അന്തിമ തീരുമാനമെടുത്ത് നാലാഴ്ചത്തേക്ക് കൂടി സെൻസസ് നടപടികൾ നിർത്തിവെക്കണമെന്നും, തൃപ്തികരമല്ലെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും വിധിന്യായത്തിൽ പറയുന്നു.
