ന്യൂഡൽഹി : സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിത വിരമിക്കലിന് വിധേയമാക്കുന്നത് ശിക്ഷാ നടപടിയോ ദുഷ്പേര് വരുത്തുന്നതോ അല്ലെന്നും സുപ്രീംകോടതി ഉത്തരവ്. ഛത്തീസ്ഗഢ് സർക്കാർ 2017ൽ നിർബന്ധിത വിരമിക്കലിന് വിധേയരാക്കിയ അഞ്ചിൽ രണ്ട് പ്യൂൺമാരുടെ അപ്പീൽ തള്ളി ജസ്റ്റിസുമാരായ മൻമോഹൻ, ശ്രീ ചന്ദ്രശേഖർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. സർക്കാർ നടപടി സത്യസന്ധമായും വസ്തുനിഷ്ഠമായും ആയിരിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. നിർബന്ധിത വിരമിക്കലിനെതിരായ ഹർജികളിൽ ജുഡീഷ്യൽ അവലോകനം ആവശ്യമുണ്ടെങ്കിലും സർക്കാർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് മാത്രമാകും കോടതി പരിശോധിക്കുകയെന്നും ബെഞ്ച് പറഞ്ഞു.നിർബന്ധിത വിരമിക്കൽ ശിക്ഷനടപടിയല്ല. അത് പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയോ മോശം പെരുമാറ്റം കണ്ടെത്തിയതായി സ്ഥാപിക്കുകയോ ചെയ്യുന്നില്ല. ആവശ്യമായ സേവനം പൂർത്തിയാക്കി പൊതുതാൽപ്പര്യാർത്ഥം സർക്കാരിന്റെ അംഗീകാരത്തോടെ വിരമിച്ചു എന്ന് മാത്രമാണ് രേഖപ്പെടുത്തുക.രഹസ്യറിപ്പോർട്ട്, കാര്യക്ഷമത തുടങ്ങിയവയുടെ കൃത്യമായ വസ്തുതകളാണ് പരിഗണിക്കേണ്ടത്. സർവീസിൽ തുടരുന്നത് ഭരണപരമായ കാര്യക്ഷമതയെ ബാധിക്കുമോ എന്ന് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ട്–ഉത്തരവിൽ പറഞ്ഞു. തങ്ങൾക്കെതിരായ പ്രതികൂല റിപ്പോർട്ടുകളെ സംബന്ധിച്ച് അറിയിക്കുകയോ മറുപടി പറയാൻ സാവകാശം നൽകുകയോ ചെയ്തില്ലെന്ന വാദവും കോടതി തള്ളി. ആഭ്യന്തര ഓഡിറ്റിൽ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ പിന്നിൽപ്പോയ അഞ്ചുപേരെയാണ് 2017ൽ നിർബന്ധിത വിരമിക്കലിന് വിധേയമാക്കിയത്
നിർബന്ധിത വിരമിക്കൽ ശിക്ഷാ നടപടിയല്ലെന്ന് സുപ്രീംകോടതി
