കോവിഡ് ബാധിതനായ കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി: ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും വിധിച്ച്‌ കോടതി

പിലിക്കോട് മടിവയലില്‍ കോവിഡ് ബാധിതനായിരുന്ന 67-കാരൻ കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.ഒന്നാം പ്രതിയും കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി (55), രണ്ടാം പ്രതി രാജേഷ് (40) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്.പിഴ തുക അടച്ചില്ലെങ്കില്‍ പ്രതികള്‍ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. കൂടാതെ, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് രണ്ടാം പ്രതിക്ക് 10 വർഷം അധിക തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസ് വിചാരണ ഘട്ടത്തിലിരിക്കെ മൂന്നാം പ്രതിയായ അനില്‍ ആത്മഹത്യ ചെയ്തിരുന്നു. 2021 ജൂലൈ 21-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കോവിഡ് ബാധയെത്തുടർന്ന് ശാരീരിക അവശതകളോടെ വീട്ടില്‍ കിടപ്പിലായിരുന്ന കുഞ്ഞമ്പുവിനെ പരിചരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ഭർത്താവുമായുള്ള തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചന്തേര പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. 30 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകള്‍ ഹാജരാക്കുകയും ചെയ്ത വിചാരണയ്ക്കൊടുവിലാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *