സുരക്ഷിത യാത്ര മൗലികാവകാശം; മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീം കോടതി

സുരക്ഷിതമായ റോഡ് യാത്ര എന്നത് പൗരന്മാരുടെ മൗലികാവകാശമായ ‘ജീവിക്കാനുള്ള അവകാശത്തിന്റെ’ ഭാഗമാണെന്ന് സുപ്രീം കോടതി.ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശങ്ങളില്‍ സുരക്ഷിതമായ അന്തരീക്ഷം കൂടി ഉള്‍പ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി കർശനമായ റോഡ് സുരക്ഷാ മാർഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് എ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ചരിത്രപരമായ ഉത്തരവ്.റോഡപകടങ്ങള്‍ തടയുന്നതില്‍ ഭരണകൂടത്തിനുള്ള വീഴ്ചയില്‍ കോടതി അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. സാമ്പത്തികമോ ഭരണപരമോ ആയ പരിമിതികള്‍ ചൂണ്ടിക്കാട്ടി പൊതുസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് അധികൃതർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. റോഡുകള്‍ അപകടങ്ങളുടെ ഇടനാഴികളാകുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാർ നിരീക്ഷിച്ചു. 2025 നവംബറില്‍ രാജസ്ഥാനിലെ ഫലോഡിയിലും തെലങ്കാനയിലെ രംഗറെഡ്ഡിയിലുമുണ്ടായ ദാരുണമായ റോഡപകടങ്ങളില്‍ 34 പേർ മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടല്‍.ദേശീയപാതകളില്‍ ചരക്ക് വാഹനങ്ങള്‍ അനധികൃതമായി പാർക്ക് ചെയ്യുന്നത് സുപ്രീം കോടതി കർശനമായി നിരോധിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള പാർക്കിങ് ഏരിയകളിലോ, ലേ-ബൈകളിലോ അല്ലാതെ ഹൈവേയില്‍ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. ദേശീയപാതയോരങ്ങളില്‍ അനധികൃതമായി പ്രവർത്തിക്കുന്ന ധാബകള്‍, ഭക്ഷണശാലകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ പൊളിച്ചുനീക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ 60 ദിവസത്തിനുള്ളില്‍ നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *