റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രിംകോടതി.ദേശീയ പാതകളില്‍ വലിയ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ച സുപ്രിംകോടതി, ഭരണപരമായ വീഴ്ചകള്‍ കൊണ്ടോ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടോ എക്സ്പ്രസ് വേകള്‍ അപകടങ്ങളുടെ ഇടനാഴികളായി മാറരുതെന്ന് മുന്നറിയിപ്പ് നല്കി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അതുല്‍ എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.ഇന്ത്യയിലെ റോഡ് ശൃംഖലയുടെ രണ്ട് ശതമാനം മാത്രമാണ് ദേശീയ പാതകളെങ്കിലും അപകടമരണങ്ങളുടെ 30 ശതമാനവും ഇവിടെയാണ് സംഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശം എന്നത് അന്യായമായി ജീവനെടുക്കുന്നതിനെതിരേയുള്ള ഉറപ്പ് മാത്രമല്ല, ജീവൻ സംരക്ഷിക്കപ്പെടുന്ന സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കൂടിയാണെന്ന് കോടതി ഓർമിപ്പിച്ചു.കഴിഞ്ഞ നവംബറില്‍ രാജസ്ഥാനിലെ ഫലോഡിയിലും തെലങ്കാനയിലെ രംഗറെഡ്ഡിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ 34 പേർ മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി, സംസ്ഥാന സർക്കാരുകള്‍ എന്നിവർക്കാണ് കോടതി നിർദേശങ്ങള്‍ നല്‍കിയത്.ഭരണഘടനാപരമായ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സാമ്ബത്തികമോ ഭരണപരമോ ആയ തടസങ്ങള്‍ കാരണമാകരുതെന്നും കോടതി വ്യക്തമാക്കി. നിർദേശങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഏജൻസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം 75 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കും.പ്രധാന മാർഗനിർദേശങ്ങള്ദേശീയപാതകളിലോ അതിന്റെ അരികുകളിലോ വലിയ വാണിജ്യ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല. ഇതിനായി പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.ദേശീയപാതകളുടെ ഓരത്ത് തട്ടുകടകളോ മറ്റോ നിർമിക്കുന്നത് നിരോധിച്ചു. അനധികൃതമായി നിർമിച്ചവ 60 ദിവസത്തിനകം പൊളിച്ചുനീക്കണം.ദേശീയപാത അതോറിറ്റിയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ മുൻകൂർ അനുമതിയില്ലാതെ ഹൈവേ സുരക്ഷാ മേഖലകളില്‍ ഒരു സ്ഥാപനത്തിനും പുതിയ ലൈസൻസോ എൻ.ഒ.സിയോ നല്‍കരുത്. നിലവിലുള്ള ലൈസൻസുകള്‍ 30 ദിവസത്തിനകം പരിശോധിക്കണം.ദേശീയപാതകള്‍ കടന്നുപോകുന്ന എല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം, പൊലിസ്, എൻ.എച്ച്.എ.ഐ, പി.ഡബ്ല്യു.ഡി എന്നിവരെ ഉള്‍പ്പെടുത്തി 15 ദിവസത്തിനകം ‘ജില്ലാ ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ്’ രൂപീകരിക്കണം.പാതകളിലെ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കണം.
തട്ടുകടകള്‍ മാറ്റണം, അനധികൃത കൈയേറ്റങ്ങള്‍ 60 ദിവസത്തിനകം നീക്കണം; ദേശീയപാതകളില്‍ പാര്‍ക്കിങ്ങിന് നിരോധനം; റോഡ് സുരക്ഷയില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
