മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശത്തില്‍ വിവേചനമെന്ന് ഹര്‍ജി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പകുതി മാത്രം സ്വത്തവകാശം നൽകുന്ന രീതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിൻ്റെ മറുപടി തേടി. മുസ്‌ലിം സ്ത്രീകളുടെ തുല്യമായ അനന്തരാവകാശവും ലിംഗവിവേചനവും ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റെ നടപടി.ഇംതിയാസ് ഹുസൈൻ ഷഹാബുദ്ദീൻ മുള്ള നൽകിയ ഹർജിയിൽ കേന്ദ്ര നിയമ മന്ത്രാലയത്തിനും കായിക-യുവജന മന്ത്രാലയത്തിനുമാണ് കോടതി നോട്ടീസ് അയച്ചത്. നിലവിലെ നിയമം ലിംഗവിവേചനം നിയമവിധേയമാക്കുകയാണെന്നും പുരുഷന്മാർക്ക് ലഭിക്കുന്നതിൻ്റെ പകുതി വിഹിതം മാത്രം സ്ത്രീകൾക്ക് നൽകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.ഇത്തരം അസമത്വങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനുള്ള അവകാശം (ആർട്ടിക്കിൾ 14), വിവേചനത്തിനെതിരെയുള്ള അവകാശം (ആർട്ടിക്കിൾ 15), ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21) എന്നീ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന അഭിഭാഷകരായ എം. സിംഗ്, അനിൽ സി. നിഷാനി എന്നിവരുടെ വാദങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചു.വ്യക്തിനിയമങ്ങൾ ഏകപക്ഷീയത കാണിക്കുമ്പോൾ അവയ്ക്ക് ഭരണഘടനാപരമായ പരിശോധനകളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും ചരിത്രപരമായ ‘ഷായാര ബാനോ’ കേസിൻ്റെ വിധി ഇതിന് തെളിവാണെന്നും അഭിഭാഷകനായ നിഷാനി പറഞ്ഞു. മുസ്‌ലിംകൾക്കിടയിൽ ലിംഗസമത്വത്തിലധിഷ്ഠിതമായ സ്വത്തവകാശവും അനന്തരാവകാശവും ഉറപ്പാക്കാൻ പരമോന്നത കോടതിയിൽ നിന്ന് കൃത്യമായൊരു തീരുമാനം ഉണ്ടാകണമെന്ന് ഹർജി ആവശ്യപ്പെടുന്നു.പാരമ്പര്യ സ്വത്തിലും കുടുംബസ്വത്തിലും ഉൾപ്പെടെ മുസ്‌ലിം സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശവും അനന്തരാവകാശവും ഉറപ്പാക്കാൻ സുപ്രീം കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.”മുസ്‌ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ സ്വത്തവകാശം നൽകുന്നത് ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. അതിനാൽ അത്തരം വിവേചനങ്ങൾ ഭരണഘടനാ വിരുദ്ധവും നടപ്പിലാക്കാൻ സാധിക്കാത്തതുമായി പ്രഖ്യാപിക്കണം,” ഹർജിയിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *