ഭിന്നത സ്വാഭാവികം; ഒറ്റക്കെട്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; കമ്മിഷന്‍ നിയമനം സുതാര്യമാവമണെന്ന് സുപ്രീംകോടതി

ഭിന്നത രൂക്ഷമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒറ്റക്കെട്ടായാണ് കഴിഞ്ഞ ഒരുവര്‍ഷമായുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതെന്നും അഭിപ്രായ ഭിന്നതകള്‍ ഏത് സ്ഥാപനത്തിലും സ്വാഭാവികമാണെന്നും  കമ്മിഷന്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബിര്‍ സിഭ് സന്ധു, വിവേക് ജോഷി എന്നിവര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. പത്തുമാസത്തിനിടെ 14 വട്ടം എസ്ഐആര്‍ നടപടിക്രമങ്ങളില്‍ സന്ധുവും ജോഷിയും വിയോജിപ്പ് രേഖാമൂലം അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. വിയോജിപ്പുകളുണ്ടായെന്നത് സ്ഥിരീകരിച്ച കമ്മിഷന്‍ ‘വ്യത്യസ്തമായ അഭിപ്രായങ്ങളും വിലയിരുത്തലുകളും ഏതൊരു സ്ഥാപനത്തിലും സംഭവിക്കുന്നതാണെന്നും അന്തിമ തീരുമാനത്തിലെത്തിച്ചേരും മുന്‍പുള്ള ചര്‍ച്ചകളുടെ ഭാഗമാണിത്. മൂന്ന് കമ്മിഷണര്‍മാര്‍ തമ്മില്‍ മാത്രമല്ല, കമ്മിഷന്‍റെ എല്ലാ ഓഫിസര്‍മാരില്‍ നിന്നും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും’ പ്രസ്താവനയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി.പവനാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വോട്ടുചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.അതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം സുതാര്യമാകണമെന്നും കമ്മിഷന്‍ സ്വതന്ത്രമായിരിക്കാന്‍ നിയമനവും നീതിയുക്തമായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമന സമിതിയില്‍ കേന്ദ്രമന്ത്രി അംഗമാകുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *