നീറ്റ്-പിജി ചോദ്യക്കടലാസുകൾ പുറത്തുവിടാത്തതിൽ അതൃപ്തി; കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ്-പിജി പരീക്ഷകളുടെ ഉത്തരസൂചികകളും ചോദ്യക്കടലാസുകളും ഉദ്യോഗാർഥികൾക്ക് നൽകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ചോദ്യക്കടലാസുകൾ പൂർണമായി പുറത്തുവിടുന്നത് പരീക്ഷയുടെ സുതാര്യതയെയും വിശ്വാസ്യതയെയും എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന രേഖാമൂലമുള്ള വിശദീകരണം സമർപ്പിക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന് ( എൻബിഇഎംഎസ് ) പരമോന്നത കോടതി നിർദേശം നൽകി.ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കണമെന്നും ചോദ്യപേപ്പറും ഉത്തരസൂചികയും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഇടപെടൽ.ചോദ്യങ്ങളുടെ ശേഖരം വളരെ പരിമിതമാണെന്നും അത് ഒരു ‘ദേശീയ സ്വത്താണെന്നു’മാണ് എൻബിഇഎംഎസ് കോടതിയിൽ വാദിച്ചത്. രാജ്യത്തുടനീളമുള്ള വിദഗ്ദ്ധരാണ് ഈ ചോദ്യങ്ങൾ തയ്യാറാക്കുന്നത്. ചോദ്യങ്ങൾ വർഷം തോറും പുറത്തുവിട്ടാൽ അടുത്ത 5-6 വർഷത്തിനുള്ളിൽ ചോദ്യസമ്പാദ്യം തീർന്നുപോകുമെന്നും, വിദഗ്ദ്ധർക്ക് ഇതിൽ പകർപ്പവകാശം ഇല്ലെന്നും എൻബിഇഎംഎസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.എന്നാൽ ഈ വാദങ്ങളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയില്ല. “മറ്റ് പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി എന്തുകൊണ്ടാണ് ഈ ഒരു നിലപാട് സ്വീകരിക്കുന്നത് എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇവിടെ സുതാര്യതയ്ക്ക് എന്ത് സംഭവിക്കുന്നു?” എന്ന് ജസ്റ്റിസ് നരസിംഹ ചോദ്യമുന്നയിച്ചു.മുൻ വർഷങ്ങളിലെ നീറ്റ് പിജി ചോദ്യപേപ്പറുകൾ ആമസോൺ പോലുള്ള ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്ക്ക് ലഭ്യമാണെന്നിരിക്കെ, ചോദ്യങ്ങൾ പുറത്തുവിടാൻ ബോർഡ് മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹർജിക്കാരുടെ അഭിഭാഷകനും കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന്, വിഷയത്തിൽ എൻബിഇഎംഎസ് കൂടുതൽ വ്യക്തമായ മറുപടി നൽകണമെന്ന് നിർദ്ദേശിച്ച് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *