ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും.ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ് ചേരിയില്‍ പ്രശോഭഭവനത്തില്‍ ജയനെ (40) ആണ് കൊല്ലം ഫസ്റ്റ് അഡീഷനല്‍ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 18 മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നു വിധിയില്‍ പറയുന്നു. 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രേമിച്ചു വിവാഹം കഴിച്ച പ്രതി ഭാര്യയ്ക്കും 3 പെണ്‍മക്കള്‍ക്കുമൊപ്പം ഭാര്യമാതാവിന്റെ വീട്ടിലായിരുന്നു താമസം.ജോലിക്കു പോകുന്നതിനെച്ചൊല്ലി ഇയാള്‍ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ ജോലി ചെയ്യുന്ന കൂട്ടിക്കടയിലുള്ള ലോട്ടറിക്കടയിലെത്തി ഭീഷണി പെടുത്തി. പിന്നീട് രാത്രി 7.30നു വീട്ടുമുറ്റത്തു നിന്ന ഭാര്യയുടെയും മകളുടെയും തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. ദേഹമാസകലം പൊളളലേറ്റ ഭാര്യയെയും മകളെയും അയല്‍വാസികളാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവില്‍ പോയപ്രതിയെ 2025 ഓഗസ്റ്റിലാണ് പൊലീസ് പിടികൂടിയത്.സംഭവത്തില്‍ സാക്ഷിയായ അയല്‍വാസിയെ സംഭവം പറയാതിരിക്കാൻ പ്രതി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ തീ കൊളുത്തി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലും വിചാരണ നടക്കുകയാണ്. ഇരവിപുരം പൊലീസ് സബ് ഇൻസ്പെക്ടർ എ.പി.അനീഷ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ കെ.വിനോദ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കല്‍, സോജ തുളസീധരൻ, അഡ്വ: ഗോകുല്‍ പി.രാജും ഹാജരായി.
ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, കടയിലെത്തി ഭീഷണി, യുവതിയേയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; കൊല്ലത്ത് ഭര്‍ത്താവിന് 31 വര്‍ഷം തടവ്
