സുപ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും സുരക്ഷാ കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ അനധികൃതമായി പകർത്തിയ രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതികൾക്ക് ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവാണ് പ്രതികൾക്ക് ലഭിച്ചത്. ഇതിന് പുറമെ 100 ബഹ്‌റൈൻ ദിനാർ പിഴയും കോടതി ഉത്തരവിട്ടു.രാജ്യത്തെ സുപ്രധാന സൗകര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിക്കുന്നത് സൈബർ ക്രൈം വിരുദ്ധ ഡയറക്ടറേറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒന്നാം പ്രതി പിടിയിലായത്. രണ്ടാമത്തെ കേസിൽ, നിയമങ്ങൾ ലംഘിച്ച് അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമാണ് കേസുകൾ കോടതിക്ക് കൈമാറിയത്. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊതുസുരക്ഷയെ ബാധിക്കുന്ന ലംഘനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യവിരുദ്ധ ദൃശ്യങ്ങൾ ചിത്രീകരിച്ചു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
