മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഒമ്ബത് മാസം പിന്നിട്ടിട്ടും നടപ്പിലാക്കാത്തതിനാല്‍ ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരെ പ്രതിയാക്കി സമർപ്പിച്ച കോടതി അലക്ഷ്യഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.2 വർഷം മുമ്പ് ഉദ്ഘാടനം നടന്നെങ്കിലും പുതിയ സ്റ്റാഫ് തസ്തികകള്‍ക്ക് ധനകാര്യ വകുപ്പില്‍ നിന്ന് അനുമതി ലഭിക്കാത്തത് മൂലം ഇനിയും പ്രവർത്തനം ആരംഭിക്കാതെ തുടരുകയാണ്. മഠത്തുംപടി – പൊയ്യ ഗ്രൂപ്പ് വില്ലേജിനിടയിലെ ദൂരം നിവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് പുതിയ സ്മാർട്ട് ഓഫീസ് നിർമിച്ചത്. 44 ലക്ഷം ചെലവില്‍ നിർമിതി കേന്ദ്രം നിർമിച്ച 1861 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ സ്വീകരണ വരാന്ത, വില്ലേജ് ഓഫീസർ മുറി, റെക്കാഡ് റൂം, ഫ്രണ്ട് ഓഫീസ്, ശുചിമുറി, അംഗപരിമിതർക്കുള്ള പ്രത്യേക സൗകര്യം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഹൈക്കോടതി നേരത്തെ രണ്ട് മാസത്തിനകം പ്രശ്നപരിഹാരം കണ്ടെത്താൻ സർക്കാരിനോട് നിർദ്ദേശിച്ചെങ്കിലും സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ അധികസമയം ആവശ്യപ്പെട്ടിരുന്നു. പ്രവർത്തനം ആരംഭിക്കാത്തതിനാലാണ് കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചതെന്ന് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് വ്യക്തമാക്കി.
മഠത്തുംപടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്: കോടതി അലക്ഷ്യ ഹര്‍ജി പരിഗണനയില്‍
