ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ്ങ് റൂമുകളിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാർ ഹൈക്കോടതിയെ സമീപിക്കും. ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റുക, സുരക്ഷാ വീഴ്ചയില്‍ ജില്ലാ കലക്ടർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കും.പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂമിനോട് ചേർന്ന് മെറ്റീരിയല്‍ റൂം സജ്ജീകരിച്ചത് തന്നെ വലിയ സുരക്ഷാ വീഴ്ചയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. സാധാരണഗതിയില്‍ മെറ്റീരിയല്‍ റൂം സ്ട്രോങ്ങ് റൂമിന് സമീപം സ്ഥാപിക്കാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി സ്ട്രോങ്ങ് റൂമിന്റെ ഇന്നർ പെരിമീറ്ററിലേക്ക് ആളുകള്‍ പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവകരമായ പിഴവാണെന്നും യുഡിഎഫ് ആരോപിക്കുന്നു.സ്ട്രോങ്ങ് റൂമുകള്‍ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കർശന നിർദേശം നിലനില്‍ക്കെ ഭരണാധികാരി സ്ട്രോങ്ങ് റൂമിന് സമീപം പോയത് വിവാദമായിരുന്നു. ഈ വിഷയത്തില്‍ നോട്ടീസ് അയച്ചതല്ലാതെ ഉദ്യോഗസ്ഥനെതിരെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജില്ലാ ഭരണാധികാരി എന്ന നിലയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജില്ലാ കളക്ടർക്കും വീഴ്ച പറ്റിയതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.ഈ സാഹചര്യത്തില്‍ പേരാമ്പ്ര, കൊയിലാണ്ടി ഭരണാധികാരികളെ ചുമതലകളില്‍ നിന്ന് മാറ്റണമെന്നും സുരക്ഷാ വീഴ്ചയില്‍ ജില്ലാ കളക്ടർക്കെതിരെ നടപടി വേണമെന്നുമാണ് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെടുന്നത് ഉന്നയിച്ച പരാതികള്‍ വസ്തുതാപരമാണെന്നും സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.
സ്ട്രോങ് റൂം സുരക്ഷാ വീഴ്ചയില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യുഡിഎഫ്
