കോക്രോച്ച് ജനത പാർട്ടിയുടെ എക്‌സ് അക്കൗണ്ടിൻ്റെ വിലക്ക് മാറ്റണം; ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:കോക്രോച്ച് ജനത പാർട്ടി (സിജെപി)യുടെ എക്‌സ് അക്കൗണ്ടിന്മേലുള്ള നിയന്ത്രണം നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിന്മേൽ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രത്തിൻ്റെ നടപടിക്ക് എതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ വിധി പ്രസ്‌താവിച്ചത്.ജൂൺ 21ലെ നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക പടരാതിരിക്കാനാണ് സിജെപിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ തടഞ്ഞുവച്ചതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. എന്നാൽ “നീറ്റ് ഇതിനകം അവസാനിച്ചതിനാൽ, പ്രാഥമിക ആശങ്കയ്ക്ക് ഇനി പ്രസക്തിയില്ലെന്നും ഈ സാഹചര്യങ്ങളിൽ, ഉത്തരവ് റദ്ദാക്കുന്നുവെന്നും ഹർജി അനുവദനീയമാണ്” എന്നും ജസ്റ്റിസ് ശർമ്മ ഉത്തരവിൽ പറയുന്നു.മെയ് 15 ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയായി ആരംഭിച്ച സിജെപിയുടെ യഥാർത്ഥ എക്‌സ് ഹാൻഡിൽ മെയ് 21നാണ് ഇന്ത്യയിൽ തടഞ്ഞുവച്ചത്. താമസിയാതെ, ‘കോക്ക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ സമൂഹ മാധ്യമത്തിൽ സിജെപിയുടെ മറ്റൊരു അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു, നിലവിൽ 2,27,000ത്തിലധികം പേർ അക്കൗണ്ട് പിന്തുടരുന്നുണ്ട്.സാധാരണക്കാർ ഉപയോഗിക്കാത്ത തരത്തിലുള്ള ചിഹ്നങ്ങളും ഓൺലൈൻ വഴിയുള്ള പ്രചരണ തന്ത്രങ്ങളും ഉപയോഗിച്ചാണ് ഈ പ്രസ്ഥാനം ശ്രദ്ധ ആകർഷിച്ചത്. പ്രതിഷേധത്തിൻ്റെ ഭാഗമായി അനുയായികൾ സ്വയം ‘പാറ്റ’ (Cockroach) എന്നാണ് വിശേഷിപ്പിക്കുന്നത്. യുവാക്കളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനും സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്നതിനും സ്വതന്ത്രമായ യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് സിജെപി പറയുന്നു.വിദ്യാഭ്യാസ മേഖലയിലെ വ്യവസ്ഥാപിത പരാജയങ്ങളിലും 2026 ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ഒരു കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നിരുന്നു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ അന്നത്തെ നിലപാട്. ഈ പോരാട്ടം ഏതെങ്കിലും ഒരു സംഘടനയുടെയോ പാർട്ടിയുടെയോ അല്ല, മറിച്ച് രാജ്യത്തിലെ വിദ്യാർഥികൾക്കും ഭരണഘടനയ്ക്കും വേണ്ടിയുള്ളതാണെന്ന് അഭിജീത് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *