അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി; തിരുപ്പത്തൂര്‍ എംഎല്‍എ നിയമസഭ നടപടികളില്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

തമിഴ്നാട്ടില്‍ സത്യപ്രതിജ്ഞ ചെയ്ത് വിജയ് അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി.തിരുപ്പത്തൂർ എംഎല്‍എ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളില്‍ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഒറ്റ വോട്ട് തോല്‍വിയിലെ ഡിഎംകെ ഹർജിയിലാണ് ഉത്തരവ്. ശ്രീനിവാസ സേതുപതി വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.ഒരേ പേരുള്ള രണ്ട് മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ മാറി എന്നാണ് ഹർജി. ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി അധ്യക്ഷയായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയ്‍യുടെ ആദ്യ രാഷ്ട്രീയ വിജയമായി മാറിയിരിക്കുകയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകർ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കർ സ്ഥാനത്ത് ജെ സി ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യയാണ് അറിയിച്ചത്. എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.ജെ സി ഡി പ്രഭാകറിനെയും എം രവിശങ്കറിനെയും സ്പീക്കർമാരുടെ കസേരയിലേക്ക് ടി വി കെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ആനയിച്ചത്. ഇരുവർക്കുമെതിരെ പ്രതിപക്ഷ കക്ഷികളായ ഡി എം കെയും എ ഐ എ ഡി എം കെയും സ്ഥാനാർഥികളെ നിർത്താത്തത് ടി വി കെയ്ക്ക് രാഷ്ട്രീയമായി നേട്ടമാണ്. എം കെ സ്റ്റാലിനടക്കമുള്ള എതിർപക്ഷ നേതാക്കളുടെ വീടുകളിലടക്കം സന്ദർശനം നടത്തി രാഷ്ട്രീയ വൈര്യത്തിനപ്പുറമുള്ള സ്നേഹം പങ്കിട്ടുള്ള വിജയ്‍യുടെ നീക്കം കൈയ്യടി നേടുന്നതിന് ഉദാഹരണമായി സ്പീക്കർ തെരഞ്ഞെടുപ്പ് മാറി.

Leave a Reply

Your email address will not be published. Required fields are marked *