സർവീസില്‍ നിന്ന് വിരമിക്കാൻ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥയെ തരംതാഴ്ത്തി നിയമിച്ച സംഭവത്തില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (KAT) പുതിയ വാദവുമായി സംസ്ഥാന സർക്കാർ.പരാതിക്കാരിയായ ഷൈനി ജോർജിനെ നിയമിക്കാൻ നിലവില്‍ സംസ്ഥാന സർക്കാരിന് കീഴില്‍ സ്പെഷ്യല്‍ സെക്രട്ടറി തസ്തികകള്‍ ലഭ്യമല്ലെന്നാണ് സർക്കാർ ട്രൈബ്യൂണലിനെ ബോധിപ്പിച്ചത്. ഉദ്യോഗസ്ഥ നല്കിയ ഹർജിക്ക് മറുപടിയായാണ് സർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്.പൊതുഭരണ വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലിരിക്കെ തന്നെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവർ ഇരിക്കേണ്ട ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷൈനി ജോർജ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ റാങ്കില്‍ നിയമിക്കാൻ തസ്തികകളില്ലെന്ന സർക്കാരിന്റെ വിശദീകരണം നിയമവൃത്തങ്ങളില്‍ വിചിത്രവാദമായിട്ടാണ് കാണപ്പെടുന്നത്. 2025 ജൂലൈയില്‍ പുറത്തിറക്കിയ ഔദ്യോഗിക സീനിയോറിറ്റി ലിസ്റ്റില്‍ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഷൈനി ജോർജ് എന്നതുകൊണ്ടുതന്നെ സർക്കാരിന്റെ ഈ പുതിയ സത്യവാങ്മൂലം വലിയ തർക്കങ്ങള്‍ക്ക് വഴിവെക്കും.മുമ്പ് ചൈല്‍ഡ് റൈറ്റ്സ് കമ്മീഷനില്‍ സേവനമനുഷ്ഠിക്കവെ, അവിടുത്തെ ഒരു അംഗത്തിനെതിരെ താൻ നല്കിയ ലൈംഗിക അതിക്രമ പരാതിയിലുള്ള പകപോക്കലാണ് ഈ തരംതാഴ്ത്തലെന്ന് ഷൈനി ജോർജ് ഹർജിയില്‍ ആരോപിക്കുന്നു. 2026 മെയ് 31-ന് വിരമിക്കാനിരിക്കെ, അഡീഷണല്‍ സെക്രട്ടറിക്ക് താഴെയുള്ള തസ്തികയില്‍ ജോലി ചെയ്യേണ്ടി വരുന്നത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് മാന്യമായി വിരമിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇവർ വാദിക്കുന്നു.തനിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ പരാതികളില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സർക്കാർ ശിക്ഷാനടപടിയെന്നോണം ഈ നിയമനം നടത്തിയതെന്നും ഹർജിയില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷനിലെ നിയമന ഉത്തരവ് റദ്ദാക്കി, വിരമിക്കുന്നതിന് മുൻപായി സ്പെഷ്യല്‍ സെക്രട്ടറി കേഡറില്‍ തന്നെ തനിക്ക് നിയമനം നല്‍കണമെന്നാണ് ഷൈനി ജോർജിന്റെ പ്രധാന ആവശ്യം. സർക്കാരിന്റെ പുതിയ വാദത്തോടെ കേസില്‍ ട്രൈബ്യൂണല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്.
ഷൈനി ജോര്‍ജിന്റെ ഹര്‍ജി: സംസ്ഥാനത്ത് സ്പെഷ്യല്‍ സെക്രട്ടറി തസ്തികയില്ലെന്ന് സര്‍ക്കാര്‍; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ വിചിത്രവാദം
