പത്തനംതിട്ട: മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന് സന്നിധാനത്ത് ഷൂട്ടിംഗ് അനുമതി നിഷേധിച്ചു. വനംവകുപ്പാണ് അനുമതി നിഷേധിച്ചത്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്ഷേത്രം ഉൾപ്പെടെയുള്ള ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ് ഉള്ളത്. എന്നാൽ പമ്പ വരെയുള്ള റാന്നി വനംവകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നൽകിയിട്ടുണ്ട്. അവിടങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് നേരത്തെ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു.തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക. മുകേഷ്, ജഗദീഷ്, മനോജ്.കെ. ജയൻ, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന രതീഷ് രവി, ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ -ബിനു പപ്പു, എഡിറ്റിംഗ് – വിവേക്ഹർഷൻ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.
മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ചു; ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വനംവകുപ്പ്
