എമിറേറ്റിലെ ഒരു ഹോട്ടലിലുണ്ടായ സംഘർഷക്കേസില്‍ ശിക്ഷിക്കപ്പെട്ട എട്ട് പ്രതികളുടെ ശിക്ഷയില്‍ ഇളവ് വരുത്തി അബുദാബി കോടതി.ഇരുകക്ഷികളും തമ്മില്‍ ഒത്തുതീർപ്പിലെത്തുകയും പ്രതികളെ വിട്ടയക്കണമെന്ന് പരാതിക്കാരൻ അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇതോടെ പ്രതികള്‍ ഓരോരുത്തരും ഒന്നര ലക്ഷം ദിർഹം വീതം പിഴയൊടുക്കിയാല്‍ മതിയാകും.ഇരുകക്ഷികളും തമ്മില്‍ രമ്യതയിലെത്തുകയും പരാതികള്‍ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശിക്ഷയില്‍ ഇളവ് അനുവദിച്ചതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ അബുദാബി സർക്കാരിന് ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തടവുശിക്ഷയും നാടുകടത്തലും ഒഴിവാക്കി പിഴത്തുക പകുതിയായി കുറച്ചത്.നവംബർ 13-നാണ് ഹോട്ടലിനുള്ളില്‍ കൂട്ടത്തല്ലുണ്ടാക്കിയ സംഭവത്തില്‍ ആകെ 10 പ്രതികളെ അബുദാബി ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും പരിഭ്രാന്തി പരത്തിയതിനും ആറ് പ്രതികള്‍ക്ക് ആറ് മാസം തടവും മൂന്ന് ലക്ഷം ദിർഹം വീതം പിഴയും ശിക്ഷ കഴിഞ്ഞാല്‍ നാടുകടത്തലുമായിരുന്നു നേരത്തെ വിധിച്ചിരുന്നത്.കൂടാതെ, സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ചതിന് മറ്റ് രണ്ട് പ്രതികള്‍ക്കും സമാനമായ ശിക്ഷ വിധിച്ചിരുന്നു. യുഎഫ്‌സി (UFC) താരങ്ങളായ മെറാബ് ദ്വാലിഷ്‌വിലിയും ഉസ്മാൻ നൂർമഗോമെദോവും തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍, ഹോട്ടലിലുണ്ടായ ഈ സംഭവവുമായി പ്രമുഖ യുഎഫ്‌സി താരങ്ങള്‍ക്ക് നേരിട്ട് ബന്ധമുള്ളതായി അബുദാബി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അബുദാബിയിലെ ഹോട്ടല്‍ സംഘര്‍ഷക്കേസ്: ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് എട്ട് പ്രതികളുടെ ശിക്ഷയില്‍ ഇളവ് വരുത്തി കോടതി
