ആസാം ഖാന് ഇടക്കാല ജാമ്യം: അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇ.ഡി

സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുമായി ബന്ധപ്പെട്ട 426 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് 78കാരനായ ആസാം ഖാന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലാകുമ്പോള്‍ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങള്‍ രേഖാമൂലം കൈമാറുന്നതില്‍ ഇഡി വീഴ്ച വരുത്തിയെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതിയുടെ നടപടി. ഒക്ടോബർ 31ന് റാംപൂർ ജില്ലാ ജയിലില്‍ മറ്റൊരു കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതിന് പിന്നാലെ ജയില്‍ കവാടത്തില്‍വെച്ചാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഈ നടപടിയുടെ സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും നടപടികള്‍ക്ക് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം.അറസ്റ്റ് മെമ്മോയും അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളും റിമാൻഡിന് മുമ്പ് രേഖാമൂലം നല്‍കിയില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. രേഖകള്‍ കൈമാറാൻ ശ്രമിച്ചപ്പോള്‍ ആസാം ഖാൻ സ്വീകരിക്കാൻ വിസമ്മതിച്ചെന്നാണ് ഇഡിയുടെ വാദം. കേസില്‍ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, ആസാം ഖാന് മറുപടി നല്‍കാൻ പത്ത് ദിവസവും അനുവദിച്ചിട്ടുണ്ട്. ഡിസംബർ 10നാണ് കേസ് വീണ്ടും പരിഗണിക്കുക. അതേസമയം, മകൻ അബ്ദുള്ള ആസാം ഖാന്റെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ ആസാം ഖാന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ ഉത്തർപ്രദേശ് സർക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളിയതും ഒരേ ദിവസത്തെ മറ്റൊരു നിർണായക സംഭവമായി.

Leave a Reply

Your email address will not be published. Required fields are marked *