ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടില്‍ നിന്ന് നീക്കം ചെയ്യാൻ കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി.പാസ്പോർട്ട് ചട്ടത്തില്‍ ഇത്തരമൊരു നിർദേശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ സുപ്രധാന ഉത്തരവ്. ഓഫീസ് മെമ്മോറാണ്ടത്തിലൂടെ നിലവിലെ ചട്ടം മറികടക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഹർജിക്ക് ആധാരമായ സംഭവം
തലാഖിലൂടെ വിവാഹമോചിതയായ തൃശൂർ സ്വദേശിയായ 28 കാരിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി. പാസ്പോർട്ടില്‍ നിന്ന് മുൻ ഭർത്താവിന്റെ പേര് നീക്കാൻ അപേക്ഷ നല്‍കിയപ്പോള്‍, കോടതിയില്‍ നിന്നുള്ള വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന് പാസ്പോർട്ട് അധികൃതർ നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ നിരീക്ഷണം:കോടതിയുടെ വിവാഹമോചന ഉത്തരവ് ആവശ്യമെന്ന് വ്യക്തമാക്കി 2024-ല്‍ ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിച്ചു.എന്നാല്‍, പാസ്പോർട്ട് ചട്ടത്തില്‍ വിവാഹമോചന ഉത്തരവ് ഹാജരാക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപരമായ ഒരു ചട്ടത്തെ കേവലം ഒരു ഓഫീസ് മെമ്മോറാണ്ടത്തിലൂടെ മറികടക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ റീജിയണല്‍ പാസ്പോർട്ട് ഓഫീസർക്ക് ഹൈക്കോടതി നിർദേശം നല്‍കി.
