ട്രംപിന് തിരിച്ചടി; സിഎൻഎൻ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വൈറ്റ് ഹൗസ് വിലക്ക് നീക്കി യുഎസ് കോടതി

സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ പ്രവേശനം നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി തടഞ്ഞ് അമേരിക്കൻ ഫെഡറല്‍ കോടതി.മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും പ്രവേശന അനുമതി ഉടനടി പുനഃസ്ഥാപിക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി കെല്ലി ഇടക്കാല ഉത്തരവിട്ടു.ട്രംപിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും ആവശ്യമായ മുൻകൂററിയിപ്പോ വാദം കേള്‍ക്കാനുള്ള അവസരമോ നല്‍കാതെ ഏകപക്ഷീയമായാണ് പ്രവേശന കാർഡുകള്‍ റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 14 ദിവസത്തെ താല്‍ക്കാലിക സ്റ്റേ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.ട്രംപ് ഭരണകൂടത്തിന്റെ വിലക്കിനെതിരെ മൂന്ന് മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതി നടപടി. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഒന്നാം ഭരണഘടനാ ഭേദഗതിയുടെയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് ഈ വിലക്കെന്ന് മാധ്യമങ്ങള്‍ കോടതിയില്‍ വാദിച്ചു. ഭരണകൂടത്തെക്കുറിച്ച്‌ തുടർച്ചയായി ‘വ്യാജ വാർത്തകളും നുണകളും’ നല്‍കുന്നു എന്ന് ആരോപിച്ചാണ് സെപ്തംബര്‍ 18ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഈ മാധ്യമങ്ങളെ വൈറ്റ് ഹൗസില്‍ നിന്ന് വിലക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്.മാധ്യമവിലക്കിന് പിന്നില്‍ ദേശീയ സുരക്ഷാ കാരണങ്ങളാണെന്ന വൈറ്റ് ഹൗസിന്റെ വാദം ജഡ്ജി തള്ളി. ട്രംപ് പരസ്യമായി പറഞ്ഞത് വാർത്തകളുടെ സ്വഭാവത്തോടുള്ള എതിർപ്പും വിരോധവുമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *