സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളും തിരുനാളുകളും ആഘോഷിക്കുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. 2011-ലെ പൊതുനിരത്തുകളിലെ സമ്മേളനങ്ങളും ഘോഷയാത്രകളും നിയന്ത്രിക്കുന്ന നിയമപ്രകാരം നടപടികൾ സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.എറണാകുളം സ്വദേശി എ.എം. ഉദയൻ സമർപ്പിച്ച ഹരജി തീർപ്പാക്കിക്കൊണ്ട് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവിക്കും ദേവസ്വം ബോർഡുകൾക്കും കോടതി നിർദേശം നൽകി.ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പൂർണ്ണ വിവരങ്ങൾ മൂന്നാഴ്ച മുമ്പ് ജില്ലാ പൊലിസ് മേധാവിയെ അറിയിച്ചിരിക്കണം.ക്രമസമാധാന പാലനത്തിന് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഈ ഉദ്യോഗസ്ഥൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തണം.റോഡരികിലെ പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കണം. സംഘാടകർ തന്നെ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കണം.ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ പ്രത്യേക പാത ഉറപ്പാക്കണം.നടപ്പാതകളിൽ താൽക്കാലിക കച്ചവടങ്ങൾ അനുവദിക്കരുത്. കച്ചവടക്കാർക്കായി പ്രത്യേക ഇടം കണ്ടെത്തണം.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. വനിതാ പൊലിസിനെ ഉൾപ്പെടെ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം.ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കണം. ആഘോഷം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ പരിസരം വൃത്തിയാക്കണം. മതപരമായ ആഘോഷങ്ങൾ തടസ്സപ്പെടുത്താനല്ല, മറിച്ച് ഭക്തർക്കും പൊതുജനങ്ങൾക്കും പ്രയാസമില്ലാതെ അവ സുഗമമായി നടത്താനാണ് ഈ മാർഗനിർദേശങ്ങളെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *