പതിനൊന്നുകാരിയെ ലൈംഗികമായി പലതവണ പീഡിപ്പിക്കുകയും നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിക്കുകയുംചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി യുവാവിന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു.കൂട്ടായി മാസ്റ്റർപടി സ്വദേശി കക്കോച്ചിന്റെ പുരയ്ക്കല്‍ സഫ്വാനാ (35)ണു തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ബി. ഫസീല ശിക്ഷ വിധിച്ചത്. പ്രതി പിഴയടയ്ക്കുന്നപക്ഷം 60,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണം. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോടും നിർദ്ദേശിച്ചു.2024 മേയിലാണ് കേസിനാസ്പദമായ സംഭവം. താനൂർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർചെയ്ത കേസിലാണ് വിധി. പ്രതി സമാനമായ രണ്ടു പോക്സോ കേസുകളില്‍ പ്രതിയായി റിമാൻഡില്‍ കഴിഞ്ഞുവരികയാണ്. ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂർ സ്റ്റേഷനുകളിലെ നിരവധി കളവുകേസുകളിലും പ്രതിയാണ്.താനൂർ സബ് ഇൻസ്പെക്ടറായിരുന്ന എൻ.ആർ. സുജിത്ത്, സിവില്‍ പോലീസ് ഓഫീസർ പി. രമ്യ തുടങ്ങിയവരാണ് അന്വേണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനികുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലേക്ക് അയച്ചു.
പതിനൊന്നുകാരിയെ പീഡിപ്പിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമം, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
