അബുദാബി∙ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായക നേട്ടം കൈവരിച്ച് അബുദാബി ലേബർ കോടതി. വിവിധ കേസുകളിലായി ഏകദേശം 12,536 തൊഴിലാളികൾക്ക് ലഭിക്കാനുണ്ടായിരുന്ന 30.9 കോടി ദിർഹത്തിന്റെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും കോടതി ഇടപെട്ട് ലഭ്യമാക്കി. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് നടപടി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലേബർ തർക്കങ്ങളിൽ അതിവേഗം തീർപ്പ് കൽപ്പിക്കാൻ കോടതിക്ക് സാധിച്ചത് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമായി.മേയ് 1ന് ലോകമെമ്പാടും തൊഴിലാളി ദിനം ആഘോഷിച്ചപ്പോൾ അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കി വികസന പങ്കാളികളായ തൊഴിലാളികൾക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരമാണ് കോടതി പ്രകടിപ്പിച്ചത്. ലേബർ അവയർനസ് ഓഫിസിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവർക്ക് മനസ്സിലാകുന്ന ഭാഷകളിൽ നിയമ ബോധവൽക്കരണവും നൽകി. ഇതു തൊഴിൽ തർക്കങ്ങൾ കുറയ്ക്കാൻ സഹായിച്ചു.കൃത്യവും സുതാര്യവുമായ നിയമനടപടികൾ അബുദാബിയുടെ ആഗോള സാമ്പത്തിക പദവി വർധിപ്പിക്കുകയും നിക്ഷേപകർക്ക് സുരക്ഷിത സാഹചര്യം ഒരുക്കുകയും ചെയ്തുവരുന്നു. തൊഴിലാളികളെ രാജ്യത്തിന്റെ പുരോഗതിയിലെ പ്രധാന പങ്കാളികളായി കണ്ട് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള യുഎഇയുടെ ദീർഘവീക്ഷണമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.
ശമ്പള കുടിശികയും ആനുകൂല്യങ്ങളും ലഭ്യമാക്കി അബുദാബി ലേബർ കോടതി
