ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരായ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപ്പര്യ ഹരജിയിൽ വാദം കേൾക്കുക. അഭിഭാഷകനായ അഞ്ജൻ ദത്തയാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.ആറ് വർഷത്തോളമായി തുടർന്നുപോന്ന സമ്പൂർണ സൗജന്യ യുപിഐ സേവനങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി പേയ്മെന്റുകൾക്ക് 0.4 ശതമാനം എം.ഡി.ആർ നിരക്ക് ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ സെപ്റ്റംബർ 14-ന് വിജ്ഞാപനമിറക്കിയത്. 75,000 രൂപയോ അതിന് മുകളിലോ ഉള്ള വലിയ തുകയുടെ ഇടപാടുകൾക്ക് ഈ ഫീസ് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക അനുബന്ധ വസ്തുക്കൾ തുടങ്ങിയ അവശ്യ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫ്ലാറ്റ് നിരക്കായി 5 രൂപയാണ് ഈടാക്കുക. മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റികൾ, സ്റ്റോക്ക് ബ്രോക്കർമാർ എന്നിവർ വഴിയുള്ള ഇടപാടുകൾക്ക് 0.02 ശതമാനമായിരിക്കും എം.ഡി.ആർ (പരമാവധി 300 രൂപ). എന്നാൽ, സാധാരണ വ്യക്തികൾ തമ്മിലുള്ള (P2P) കൈമാറ്റങ്ങളെയും ചെറിയ ഇടപാടുകളെയും നിരക്കുകളിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.മതിയായ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങളോ സുതാര്യതയോ പൊതുജനങ്ങളുമായുള്ള കൂടിയാലോചനകളോ ഇല്ലാതെയാണ് കേന്ദ്രം ഈ ഫീസ് കൊണ്ടുവന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ചട്ടങ്ങൾ നിർണയിക്കാൻ എക്സിക്യൂട്ടീവിന് പരിധിയില്ലാത്ത അധികാരം നൽകുന്ന ‘പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് (2007)’-ലെ ഭേദഗതി ചെയ്ത സെക്ഷൻ 10A-യുടെ ഭരണഘടനാ സാധുതയും ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേവലം ഒരു പത്രക്കുറിപ്പിന്റെയോ ‘എഫ്.എ.ക്യു’വിന്റെയോ ബലത്തിൽ നിർബന്ധിത ചാർജ്ജുകൾ ഈടാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം.റുപേ’ ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകൾക്ക് യാതൊരു പരിധിയുമില്ലാതെ സൗജന്യ ആനുകൂല്യം തുടരുമ്പോൾ യുപിഐ ഇടപാടുകൾക്ക് മാത്രം ഫീസ് ചുമത്തുന്നത് വിവേചനപരവും ഏകപക്ഷീയവുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ അധികഭാരം ചെറുകിട വ്യാപാരികളെയും ഉപഭോക്താക്കളെയും പരോക്ഷമായി ബാധിക്കുമെന്നും ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് ആളുകൾ പിന്തിരിയാൻ കാരണമാകുമെന്നും ഹരജിക്കാരൻ വാദിക്കുന്നു. ഒക്ടോബർ 15 മുതൽ നിലവിൽ വരാനിരിക്കുന്ന എം.ഡി.ആർ ചട്ടക്കൂട് റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്നും, കൃത്യമായ പഠനങ്ങൾക്കും കൂടിയാലോചനകൾക്കും എം.എസ്.എം.ഇ വിഭാഗങ്ങൾക്കുള്ള സംരക്ഷണങ്ങൾക്കും ശേഷം മാത്രമേ ഇത്തരം നടപടികളിലേക്ക് കടക്കാവൂ എന്നും ഹരജി ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്; കേന്ദ്ര തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
