ഡല്‍ഹി സമരം: അധികൃതരുടെ നടപടിക്കെതിരായ കോടതിയലക്ഷ്യ, ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി ജെ പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് രണ്ട് ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ഡല്‍ഹിയിലെ മെട്രോ, റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായും നിരോധിക്കാന്‍ പറ്റില്ലെന്ന സുപ്രീം കോടതി ഉത്തരവ് അധികൃതര്‍ ലംഘിച്ചതു സംബന്ധിച്ച കോടതിയലക്ഷ്യ ഹരജിയാണ് ഇവയില്‍ ഒന്ന്. സി ജെ പി നേതാക്കളായ അഭിജീത് ദിപ്‌കെ, അശുതോഷ് റംഗ, സൗരവ് ദാസ് എന്നിവരെയും പ്രതിപക്ഷ നേതാക്കളുടെയും തടങ്കലിലാക്കിയതിനെതിരെ ഉള്ള ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് മറ്റൊന്ന്. ഇന്ന് രാവിലെയാണ് പരമോന്നത കോടതിയുടെ പ്രത്യേക ബഞ്ച് ഹരജി അടിയന്തരമായി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരുടെ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഹരജി പരിഗണിച്ച്‌, ഗതാഗതത്തിലെ സമ്പൂര്‍ണ നിരോധനം വിലക്കി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടിരുന്നെങ്കിലും 45 മെട്രോ സ്റ്റേഷനും റോഡുകളും പൂര്‍ണമായി പോലീസ് അടച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, സിറ്റി പോലീസ് കമീഷണര്‍ അനുരാഗ് കുമാര്‍, മെട്രോ റെയില്‍ ചെയര്‍പേഴ്സണ്‍ ഡി താര എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠി ഹരജിയില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ പത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മെട്രോ ഗതാഗതം പൂര്‍ണമായിനിരോധിക്കില്ലെന്ന കാര്യം ഉറപ്പുവരുത്തണമെന്നായിരുന്നു തലേ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്.

ശനിയാഴ്ച രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്തില്‍ കൊണ്ടുപോയ സി ജെ പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നതാണ് ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *