പെട്രോൾ പമ്പുകളിലെ എഥനോളിന്‍റെ അളവ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി, സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇ20 നയത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടയിൽ പെട്രോൾ പമ്പുകളിലെ എഥനോളിന്‍റെ അളവ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇന്ത്യയിലുടനീളമുള്ള പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അടങ്ങിയിട്ടുള്ള എഥനോളിന്‍റെ ശതമാനം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ നരേന്ദ്ര ഗോസ്വാമിയാണ് ഹർജി സമർപ്പിച്ചത്.പണം നൽകി വാങ്ങുന്ന പെട്രോളിന്‍റെ കൃത്യമായ കണക്കുകൾ ഉപഭോക്താക്കൾക്ക് അറിയാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ആവശ്യങ്ങൾ ഹരജിയിൽ നരേന്ദ്ര ഗോസ്വാമി ഉന്നയിച്ചു. പെട്രോൾ വിതരണം ചെയ്യുന്ന നോസിലിലും ഇന്ധനത്തിൽ കലർത്തിയിട്ടുള്ള എഥനോളിന്റെ കൃത്യമായ ശതമാനം വ്യക്തമാക്കുന്ന ലേബൽ ഉണ്ടായിരിക്കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം.ഉപഭോക്താക്കൾ തങ്ങൾ വാങ്ങുന്ന പെട്രോളിന്റെ കൃത്യമായ ശതമാനം അറിയാനായി ഇൻവോയിസുകളിലും എഥനോളിന്റെ ശതമാനം നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം എഥനോൾ കലർത്തിയ പെട്രോളിനെ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനുള്ള ഏകീകൃത സംവിധാനം വേണമെന്നാണ് നരേന്ദ്രകുമാർ ചൂണ്ടിക്കാട്ടിയത്.പൊതുജനങ്ങൾക്ക് തിരയാൻ കഴിയുന്ന വാഹനങ്ങൾക്കനുസരിച്ചുള്ള അനുയോജ്യതാ ഡാറ്റാബേസ് സൃഷ്ടിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. വാഹന നിർമാതാവ്, മോഡൽ, എൻജിൻ തരം, നിർമാണ വർഷം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത എഥനോൾ മിശ്രിതങ്ങൾ വാഹനങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണെന്ന് ഡാറ്റാബേസിൽ വ്യക്തമാക്കണമെന്നും നിർദേശിച്ചു. ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതങ്ങൾ തങ്ങളുടെ വാഹനങ്ങൾക്ക് അനുയോജ്യമാണോ എന്ന് നിർണയിക്കാൻ ഇത്തരം വിവരങ്ങൾ ഉപഭോക്താക്കളെ സഹായിക്കുമെന്ന് നരേന്ദ്ര ഗോസ്വാമി ചൂണ്ടിക്കാട്ടി.അതേ സമയം ഇന്ത്യയിലെ നിലവിലുള്ള വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന്റെ യഥാർഥ അനുയോജ്യത പരിശോധിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എന്നിവയുടെ പ്രതിനിധികൾക്കും സ്വതന്ത്ര ഓട്ടോമൊബൈൽ എൻജിനീയർമാർക്കും നിർദിഷ്ട സമിതിയിൽ അംഗത്വമുണ്ടാകണം. പഴയ വാഹനങ്ങളിൽ ഇ20 ഇന്ധനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികവും പ്രായോഗികവുമായ ആശങ്കകൾ സമിതി പരിശോധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *