കൊച്ചി: വ്യാജ മേൽവിലാസവും റേഷൻ കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി.റേഷൻ കാർഡുമായി ബന്ധപ്പെട്ട് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ കൈക്കൊണ്ട തുടർനടപടികൾ ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്തു. അടൂർ താലൂക്ക് സപ്ലൈ ഓഫീസർ കൊല്ലശ്ശേരി കുടുംബത്തിന് നൽകിയ നോട്ടീസിനാണ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. കുടുംബത്തോട് പുതിയ റേഷൻ കാർഡിനായി അപേക്ഷിക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, തങ്ങൾക്ക് പുതിയ റേഷൻ കാർഡിന്റെ ആവശ്യമില്ലെന്ന് കൊല്ലശ്ശേരി കുടുംബം വ്യക്തമായി അറിയിച്ചു. വിവാദത്തിലായ അതേ റേഷൻ കാർഡിൽ തന്നെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വീണ്ടും പുനഃസ്ഥാപിക്കാനുള്ള അധികൃതരുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പുതിയ നോട്ടീസെന്നാണ് കുടുംബത്തിന്റെ ആരോപണം.ഇതിനു പിന്നിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും, ഇതിനെതിരെയാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി.മുൻപും പൊലീസിനെ ദുരുപയോഗം ചെയ്ത് മേൽവിലാസം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടന്നതായി പരാതിക്കാർ ആരോപിക്കുന്നു. നീതിക്കായി കൊല്ലശ്ശേരി കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത് ഇത് രണ്ടാം തവണയാണ്.
വ്യാജ മേൽവിലാസ കേസ്: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; റേഷൻ കാർഡ് നടപടികൾക്ക് വീണ്ടും ഹൈക്കോടതി സ്റ്റേ
