ഏലിയാമ്മ ടീച്ചർ വധക്കേസ്: പ്രതി ഫ്രില്ലി ഫ്രാൻസിസിന് ജീവപര്യന്തവും 15 വർഷം അധികതടവും

ആലപ്പുഴ: 2010-ൽ തുമ്പോളിയെ നടുക്കിയ റിട്ടയേഡ്‌ അധ്യാപിക ഏലിയാമ്മ വധക്കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. ഏലിയാമ്മയുടെ ബന്ധുവായ ഫ്രില്ലി ഫ്രാൻസിസിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി 15 വർഷം അധികതടവും പ്രതി അനുഭവിക്കണം. ഇതിനു പുറമെ 75,000 രൂപ പിഴയും വിധിച്ചു.

2010 ഓഗസ്റ്റ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവും മക്കളും ജോലിസ്ഥലത്തായിരുന്നതിനാൽ ഏലിയാമ്മ വീട്ടിൽ തനിച്ചായിരുന്നു. ഈ സമയം നോക്കി വീട്ടിലെത്തിയ ഫ്രില്ലി, മുളകുപൊടി ടീച്ചറുടെ മുഖത്തെറിഞ്ഞ ശേഷം കഴുത്തിലെയും കൈത്തണ്ടയിലെയും ഞരമ്പുകൾ മുറിച്ചാണ് കൊലപാതകം നടത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ടീച്ചറുടെ ശരീരത്തിലുണ്ടായിരുന്ന ഒൻപത് പവനോളം ആഭരണങ്ങൾ പ്രതി കൈക്കലാക്കി.കൊലപാതകത്തിന് ശേഷം തമിഴ് നാടോടികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പ്രതി പോലീസിനു മൊഴി നൽകിയത്. എന്നാൽ, വീടിന്റെ പിൻവാതിലിൽനിന്ന് ലഭിച്ച വിരലടയാളം പ്രതിയെ കുടുക്കുന്നതിൽ നിർണ്ണായകമായി. ഫ്രില്ലി ആഭരണങ്ങൾ വിറ്റതും പോലീസ് കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. ദീർഘകാലത്തെ വിചാരണയ്ക്ക് ശേഷമാണ് ഈ കൊലപാതകക്കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *