അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കോടതിയലക്ഷ്യ നടപടി; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങള്‍ ലംഘിക്കുന്നത് തുടർന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ഫ്ലെക്സുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.അനധികൃത ബോർഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നേരത്തേ കോടതി നിരോധനമടക്കമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.കോടതി ഉത്തരവുകള്‍ നിലവിലിരിക്കെ സംസ്ഥാനത്ത് സമാനമായ നടപടി സ്വീകരിക്കാത്തതെന്താണെന്നും സർക്കാർ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിച്ചു.രാഷ്ട്രീയ പാർട്ടികള്‍, മതസ്ഥാപനങ്ങള്‍, മർച്ചന്റ്സ് അസോസിയേഷനുകള്‍, വിവിധ സംഘടനകള്‍ എന്നിവരാണ് തിരുവനന്തപുരത്തും കൊല്ലത്തും അനധികൃത ബോർഡുകള്‍ സ്ഥാപിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു.കോടതി നിർദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാൻ സ്വീകരിച്ച നടപടികള്‍ സർക്കാർ അറിയിക്കണം.തദ്ദേശഭരണ സെക്രട്ടറിമാർ അവരുടെ പരിധിയിലെ അനധികൃത ബോർഡുകള്‍ നീക്കം ചെയ്യുകയും ഭാവിയില്‍ ഇത്തരം ബോർഡുകള്‍ സ്ഥാപിക്കപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു ഇത് സെക്രട്ടറിമാർക്കുള്ള അവസാന അവസരമാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *