ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്; കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ പോസ്റ്റില്‍ കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി. അഭിഭാഷകൻ വിനീത് ജിൻഡാല്‍, ശ്രീജേഷ് എസ് ആർ എന്നിവർ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി.ചീഫ് ജസ്റ്റിസിന് ഇരുവരും നല്‍കിയ കത്ത് റിട്ട ഹർജി ആക്കി മാറ്റി കോടതി രജിസ്റ്റർ ചെയ്തു.നേരത്തെ സുപ്രീംകോടതി അഭിഭാഷകന്‍റെ വക്കീല്‍ നോട്ടീസിന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മറുപടി നല്‍കിയിരുന്നു. പോസ്റ്റ് അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നും അത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പ് പറയുകയും ചെയ്തു. പോസ്റ്റിട്ട വ്യക്തിയെ ചുമതലയില്‍ നിന്ന് നീക്കിയെന്നും മറുപടിയില്‍ വ്യക്തമാക്കി. വിജയ് തോട്ടത്തില്‍ എന്നയാളാണ് പോസ്റ്റിട്ടത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ്. കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് പേജില്‍ ആണ് പോസ്റ്റ് വന്നത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാല്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള്‍ കണ്ടെത്താം’ എന്ന കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *