ബിഎല്‍എം തട്ടിപ്പ്: പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കും

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹർജി നല്‍കും.കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നല്‍കുക. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ആർ പ്രേംകുമാറിനെ വിട്ടയച്ചത്.മള്‍ട്ടി സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ബിഎല്‍എമ്മിലെ മുന്‍ ജീവനക്കാരി സോണിയ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ഇടുക്കി സ്വദേശിയുടെ പരാതിയില്‍ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലും പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട്. ചെയര്‍മാനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഒരു കോടി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രേംകുമാർ നിലവില്‍ ബിഎല്‍എം ചെയർമാൻ അല്ല. എന്നാല്‍ ബിഎല്‍എം ഇപ്പോഴും അവതരിപ്പിക്കുന്നത് ചെയർമാൻ എന്ന രീതിയിലാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് പ്രേം കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്.

കേന്ദ്ര ചട്ടപ്രകാരം മൂന്ന് തവണ ഒരാള്‍ക്ക് ഒരു സംഘത്തിന്‍റെ ചെയർമാൻ ആകാൻ പറ്റില്ല. എന്നാല്‍ പുതിയ ആള്‍ക്ക് ബിഎല്‍എം ചെയർമാൻ പദവി നല്‍കിയിട്ടില്ല. ചെയർമാൻ പദവി ഒഴിച്ചിട്ട് പ്രസിഡന്റ്‌ പദവി നല്‍കി. പ്രേംകുമാറിനെ ചെയർമാൻ എന്ന നിലയില്‍ അവതരിപ്പിച്ചാണ് നിക്ഷേപം സമാഹരിച്ചത്. ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ്‌ തട്ടിപ്പ്‌ നടന്നതെന്ന്‌ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.ചെന്നൈ ആസ്ഥാനമായി ആരംഭിച്ച ബിഎല്‍എം സൊസൈറ്റിക്ക്‌ കേരളത്തില്‍ മാത്രം 130 ബ്രാഞ്ചുകളാണുള്ളത്‌. ബിഎല്‍എം ചെയർമാന്‍റെ അറസ്റ്റ് തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്‍റെ ചിത്രത്തെ ചൊല്ലിയാണ് വിവാദം. അതേസമയം ജൂലൈ മൂന്നിന് തമിഴ് ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം ആണ് പ്രേംകുമാർ വിജയിയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *