ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ചാൻസലർക്ക് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയാണ് ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. തുടർന്ന് ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധേ എന്നിവർ അടങ്ങിയ ബെഞ്ച് തീർപ്പാക്കി.കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ മുൻ സംസ്ഥാന സർക്കാരും പുറത്താക്കപ്പെട്ട വൈസ് ചാൻസലർ കെ. റിജി ജോണുമാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. 2024-ൽ ആണ് ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതിയിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഈ ഹർജി വിവിധ ദിവസങ്ങളിൽ കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും, വിശദമായ വാദം കേൾക്കൽ നടന്നിരുന്നില്ല.ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ ചാൻസലറായ ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വൈസ് ചാൻസലറുടെ കാലാവധി കഴിഞ്ഞെന്നും അതിനാൽ ഈ കേസിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു. കോടതിയും ഇതിനോട് യോജിച്ചു. തുടർന്നാണ് ഹർജി തീർപ്പാക്കിയത്. ഹർജിയിൽ ഉന്നയിച്ച നിയമ പ്രശനങ്ങൾ ഉചിതമായ മറ്റ് ഏതെങ്കിലും കേസുകളിൽ ഉന്നയിക്കാൻ അവസരം നൽകിയാണ് ഹർജി തീർപ്പാക്കിയത്. 2021 ജനുവരിയിൽ അഞ്ച് വർഷത്തേക്കാണ് റിജി ജോൺനെ കുഫോസ് വിസി ആയി നിയമിച്ചത്. ഈ കാലാവധി 2026 ജനുവരിയിൽ അവസാനിച്ചിരുന്നു.
‘വി.സിയുടെ കാലാവധി കഴിഞ്ഞെന്ന് ചാൻസലർ’; കുഫോസ് വൈസ് ചാൻസലർ കേസ് തീർപ്പാക്കി സുപ്രീം കോടതി
