വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം:അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാം പ്രതി കാവ്യയ്ക്ക്‌ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ കീർത്തനയ്ക്കും ജാമ്യം ലഭിച്ചിരുന്നു. വാണിജ്യ അളവിലുള്ള എം.ഡി.എം.എ അല്ല പിടികൂടിയത് അതിനാൽ എൻ.ഡി.പി. എസ് കേസ് നിലനിൽക്കില്ലെന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാനപ്പെട്ട വാദം. ജുഡീഷ്യൽ കസ്റ്റഡി ഇനിയും വേണ്ടതില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യയ്ക്ക് ജാമ്യം അനുവദിച്ചത് .പ്രതികളായ കീർത്തനയും കാവ്യയും വളരെ ആസൂത്രിതമായാണ് മയക്കുമരുന്ന് ഇടപാടിൽ ഏർപ്പെട്ടതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു .സ്‌കൂൾ വിദ്യാർഥികൾക്കിടയിലും മറ്റും ലഹരി വിൽപന നടത്തുന്ന വലിയൊരു മയക്കുമരുന്ന് ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.വടകര സ്വദേശിയായ സഫ്വാൻ എന്ന യുവാവിനെ മയക്കുമരുന്നുമായി പിടികൂടിയ കേസിൻ്റെ അന്വേഷണമാണ് അധ്യാപികമാരായിരുന്നു മൂന്നുപേരിലേക്ക് എത്തിയത്. മയക്കുമരുന്ന് ആവശ്യപ്പെടുന്നവർക്ക് ഗൾഫ് അധിഷ്ഠിത നമ്പർ വഴിയാണ് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. പണം കൈമാറാൻ നൽകിയിരുന്ന ക്യുആർ കോഡ് കീർത്തനയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചതായിരുന്നു. ഈ അക്കൗണ്ടിലേക്ക് എത്തുന്ന വൻ തുകകൾ പിന്നീട് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇത്തരത്തിൽ നടന്നിട്ടുള്ളത്.രണ്ടാം പ്രതി കീർത്തനയ്ക്ക് ഇതിനുമുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നാണ് അന്ന് ഹൈക്കോടതി പറഞ്ഞത്. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി കീർത്തനയ്ക്ക് ജാമ്യം അനുവദിക്കുമ്പോൾ പറഞ്ഞിരുന്നു.എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും വ്യക്തമാക്കിയാണ് രണ്ടാം പ്രതി കീർത്തനയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും വ്യക്തമാക്കിയിരുന്നു.അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *