വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു കോടി അഞ്ച് ലക്ഷം (1.05 കോടി) രൂപ നഷ്ടപരിഹാരം നല്‍കാൻ മഞ്ചേരി മോട്ടോർ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ (മാക്റ്റ്) ഉത്തരവിട്ടു.കിഴിശ്ശേരി തവനൂർ ഒന്നാംമൈല്‍ സ്വദേശി കിണറ്റിങ്ങല്‍ വീട്ടില്‍ മുബഷിറിനാണ് ട്രൈബ്യൂണല്‍ ജഡ്ജി ഈ വൻ തുക നഷ്ടപരിഹാരമായി അനുവദിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇൻഷുറൻസ് പങ്കാളികളായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് കോടതി വിധിച്ച ഈ തുക മുബഷിറിന് നല്‍കേണ്ടത്.2021 നവംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. മുബഷിർ വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട മോട്ടോർ സൈക്കിള്‍ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുബഷിറിന്റെ തലയോട്ടിക്ക് ഗുരുതരമായി പൊട്ടലേറ്റു. അപകടത്തെ തുടർന്ന് ഏറെക്കാലം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും വാർഡിലുമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. നിരവധി സങ്കീർണ്ണമായ ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും മുബഷിറിന് തന്റെ പൂർണ്ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് വിദഗ്ധ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ മുബഷിറിന് 80 ശതമാനം സ്ഥിരമായ ശാരീരിക-മാനസിക വൈകല്യം സംഭവിച്ചതായി മെഡിക്കല്‍ ബോർഡ് ഔദ്യോഗികമായി റിപ്പോർട്ട് നല്‍കിയിരുന്നു. അപകടം യുവാവിന്റെ ജീവിതത്തെയും ഭാവി സാധ്യതകളെയും പൂർണ്ണമായി ബാധിച്ചുവെന്ന മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഇത്രയും വലിയ തുക നഷ്ടപരിഹാരമായി അനുവദിച്ച് ഉത്തരവിട്ടത്.
വാഹനാപകടത്തില്‍ 80% വൈകല്യം സംഭവിച്ച മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്
