‘മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് ഇനി സ്വത്തുക്കളിലും അവകാശമില്ല’; ട്രൈബ്യൂണലുകൾക്ക് അധികാരം കൈമാറി സുപ്രീം കോടതി

ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ മുതിർന്ന പൗരന്മാർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയുന്നതിനാണ് ഈ നിയമ നിർമാണം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.അമ്മയെയും അച്ഛനെയും ദൈവതുല്യരായി കാണുന്ന രാജ്യത്തിന്‍റെ സംസ്കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നത്. ഒരു സമൂഹത്തിന്‍റെ നിലവാരം അളക്കപ്പെടുന്നത് പ്രായമായവരോട് അത് പുലർത്തുന്ന ആദരവിലൂടെയും സുരക്ഷയിലൂടെയുമാണ്. മാതാപിതാക്കൾ വെറും ആശ്രിതർ മാത്രമല്ല, മറിച്ച് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും അനുഭവസമ്പത്താണെന്നും കോടതി ഓർമ്മിപ്പിച്ചു.ജീവിതത്തിന്‍റെ അവസാനകാലം വരെ അന്തസ്സോടെ ജീവിക്കാൻ ഓരോ വ്യക്തിക്കും അർഹതയുണ്ടെന്ന് ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. 2007-ലെ മാന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്‍റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരമാണ് ഈ ട്രൈബ്യൂണലുകൾ രൂപീകരിച്ചിരിക്കുന്നത്. സിവിൽ കോടതികളുടെ അധികാരത്തോടെയുള്ള അന്വേഷണങ്ങൾ നടത്താൻ ഇവക്ക് അധികാരമുണ്ട്. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ട്രൈബ്യൂണലുകൾക്ക് തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.തന്‍റെ 81 വയസ്സുള്ള അമ്മയെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് വൃദ്ധസദനത്തിൽ കഴിയാൻ നിർബന്ധിതനാക്കിയ മകന്‍റെ കേസിന്‍റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റും ജില്ലാ മജിസ്ട്രേറ്റും മകനെതിരെ ഒഴിപ്പിക്കൽ ഉത്തരവിട്ടിരുന്നെങ്കിലും അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവുകൾ തള്ളിക്കളഞ്ഞ സുപ്രീം കോടതി മുതിർന്ന പൗരന്മാരുടെ സംരക്ഷണം മുൻനിർത്തി മാതാപിതാക്കൾക്ക് അനുകൂലമായ ഒഴിപ്പിക്കൽ ഉത്തരവുകൾ പുനഃസ്ഥാപിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *