ഗൂഗിള്‍ പിഴയൊടുക്കണമെന്ന് യൂറോപ്യൻ പരമോന്നത കോടതി

ആൻഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്‌ വിപണിയില്‍ മത്സരം ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഗൂഗിളിന് ചുമത്തിയ കനത്ത പിഴ ശരിവച്ച്‌ യൂറോപ്പിലെ പരമോന്നത കോടതി.4.1 ബില്യണ് യൂറോ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. എട്ടു വർഷം മുന്പ് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ ചുമത്തിയ റിക്കാർഡ് പിഴയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിനു ശേഷമാണ് കോടതി വിധി.യൂറോപ്യൻ കമ്മീഷൻ 2018ല്‍ ആദ്യം 4.34 ബില്യണ് യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഫോണ് നിർമാതാക്കള്‍ അവരുടെ ഫോണുകളില്‍ ഗൂഗിള്‍ സെർച്ച്‌, ക്രോം ബ്രൗസർ, ഗൂഗിള്‍ പ്ലേ സ്റ്റോർ എന്നിവ മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്നും, മറ്റ് എതിരാളികളുടെ ആൻഡ്രോയിഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും വ്യവസ്ഥ ചെയ്യുന്ന കരാറുകളില്‍ ഒപ്പുവച്ചതിനാണ് യൂറോപ്യൻ കമ്മീഷൻ ആദ്യം പിഴ ചുമത്തിയത്.യൂറോപ്യൻ യൂണിയന്റെ പിഴ ശിക്ഷയെ ചോദ്യം ചെയ്തതിനെത്തുടർന്ന് 2022ല്‍ ഒരു കീഴ്കോടതി ഈ പിഴ തുക 4.1 ബില്യണ് യൂറോയായി കുറച്ചിരുന്നു. ഇതിനെതിരേയാണ് ഗൂഗിള്‍ ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതിയായ കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യൻ യൂണിയനില്‍ അപ്പീല്‍ നല്കിയത്. ഈ അപ്പീല്‍ തള്ളിയ കോടതി യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഗൂഗിളും അതിന്റെ മാതൃകന്പനിയായ ആല്‍ഫബെറ്റും നല്‍കിയ അപ്പീല്‍ തള്ളിക്കളയുകയാണെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *