അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ല എന്നതിൻ്റെ പേരില്‍ 590 രൂപ ഈടാക്കിയ ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരിക്കുകയാണ് കാസർകോട് കുമ്പള സ്വദേശി രാജു സ്റ്റീഫൻ ഡിസൂസ.10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും പിടിച്ച തുകയും അടക്കം തിരികെ നല്‍കണമെന്നാണ് കോടതി വിധി. ജു സ്റ്റീഫൻ ഡിസൂസ സൗത്ത് ഇന്ത്യൻ ബാങ്ക് സീത്താങ്കോളി ബ്രാഞ്ചില്‍ കറന്റ് അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ പിന്നീട് ഈ അക്കൗണ്ട് വഴി ഇടപാടൊന്നും നടത്തിയിരുന്നില്ല. എന്നാല്‍, 295 രൂപ രണ്ട് മാസം അക്കൗണ്ടില്‍ നിന്ന് പിടിച്ചു. അന്വേഷിച്ചപ്പോള്‍ മെസേജ് ചാർജായി 2 രൂപ ബാങ്ക് ഈടാക്കിയപ്പോള്‍ മിനിമം ബാലൻസ് നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് രണ്ട് തവണയായി പണം പിടിച്ചതെന്നും ബാങ്ക് അറിയിച്ചു.അതിന് ശേഷമാണ് ഇദ്ദേഹം കണ്‍സ്യൂമർ കോടതിയില്‍ പോയത്. അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയില്‍ എന്തെങ്കിലും നടപടി എടുക്കുന്നുണ്ടേല്‍ 15 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം പറയുന്നതെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. ബാങ്ക് ഈ നടപടി ക്രമം പാലിച്ചില്ല. ബാങ്കുകാരുടെ ഇത്തരം നടപടികള്‍ക്കെതിരെ ഉപഭോക്താക്കള്‍ നിയമനടപടി സ്വീകരിക്കണമെന്നും രാജു പറയുന്നു.
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയില്‍ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
