കസ്റ്റഡി മർദനക്കേസ്: വനം വകുപ്പിലെ ഉന്നതരെ വിചാരണ ചെയ്യാൻ അനുമതി നൽകി കോടതി

തിരുവനന്തപുരം: വനം വകുപ്പിലെ ഉന്നതരെ കസ്റ്റഡി മര്‍ദനക്കേസില്‍ വിചാരണ ചെയ്യാന്‍ കോടതി അനുമതി. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഡയറക്ടര്‍ ടി ഉമ, ഇസ്റ്റേണ്‍ സര്‍ക്കിള്‍ മേധാവി ആര്‍ കമലഹാര്‍, നോര്‍ത്ത് സെന്ററല്‍ സര്‍ക്കിള്‍ (സിസിഎഫ്) വിജയാനന്ദ് എന്നീ മുതിര്‍ന്ന മൂന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഉത്തരവ്. 2015ല്‍ രജിസ്റ്റര്‍ ചെയ്ത മലയാറ്റൂര്‍ ആനവേട്ട കേസുകളിലെ പ്രതികളെ മര്‍ദിച്ചെന്നും മാരകമായി പരിക്കേല്‍പ്പിച്ചുവെന്നുമുള്ള കേസിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍.വിചാരണക്കുള്ള അനുമതി നിഷേധിച്ച് കഴിഞ്ഞ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ്. മലയാറ്റൂര്‍ ആനവേട്ട കേസിൽ പ്രതിയായ അജി ബ്രൈറ്റിനെ മർദിച്ചെന്നാണ് കേസ്. തിരുവനന്തപുരത്തെ വനം വകുപ്പിന്റെ ആസ്ഥാനത്ത് 2015 ജൂലൈ മാസത്തിലാണ് മര്‍ദ്ദനം നടന്നത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പിന്നാലെ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു. വിഷയത്തിൽ ഉന്നതര്‍ ഇടപ്പെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെതുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് രുപീകരിച്ചിരുന്നു. ഇതില്‍ കുറ്റ പത്രം സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇടപ്പെട്ട് അട്ടിമറിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് വീണ്ടും തിരുവനന്തപുരം സിജിഎം കോടതിയെ സമീപിച്ചാണ് ഇപ്പോള്‍ ഉത്തരവ് നേടിയെടുത്തിരിക്കുന്നത്. അജി ബ്രൈറ്റിനെതിരെ പ്രാകൃത മര്‍ദനമുറകള്‍ നടത്തിയെന്നും വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.ആനവേട്ടക്കേസില്‍ 26ാം പ്രതിയാണ് അജി ബ്രൈറ്റ്. മലയാറ്റൂരില്‍ നിന്നും കടത്തുന്ന ആനക്കൊമ്പുകള്‍ തിരുവനന്തപുരത്ത് നിന്നും മറ്റ് പലര്‍ക്കും എത്തിച്ച് നല്‍കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *