ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ (SC/ST Act) വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി എന്നതുകൊണ്ട് മാത്രം മുൻകൂർ ജാമ്യം യാന്ത്രികമായി നിഷേധിക്കരുതെന്ന് സുപ്രീം കോടതി. ഓരോ കേസിലെയും വസ്തുതകളും ആരോപണങ്ങളുടെ സ്വഭാവവും കോടതികൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.എസ്.സി/എസ്.ടി നിയമത്തിലെ സെക്ഷൻ 18 പ്രകാരം മുൻകൂർ ജാമ്യം നൽകുന്നതിലുള്ള നിയന്ത്രണം ഒരു ചടങ്ങുപോലെ പ്രയോഗിക്കരുത്. എഫ്.ഐ.ആറിലെ ആരോപണങ്ങളും അവയെ പിന്തുണക്കുന്ന മറ്റ് രേഖകളും പരിശോധിക്കാൻ കോടതികൾക്ക് ബാധ്യതയുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമോ എന്ന് നോക്കാതെ മുൻകൂർ ജാമ്യം നിഷേധിക്കുന്നത് നീതിയല്ല. സെക്ഷൻ 18ന്റെ പ്രയോഗം ഓരോ കേസിലെയും പ്രത്യേക സാഹചര്യങ്ങളെയും ആരോപണങ്ങളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും. ഇത് യാന്ത്രികമായി നടപ്പാക്കേണ്ട ഒന്നല്ല എന്ന് കോടതി വ്യക്തമാക്കി.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന (BNS സെക്ഷൻ 69) പരാതിയിൽ ഗുജറാത്ത് ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി, വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും തന്റെ ജാതി മറച്ചുവെക്കാൻ ആവശ്യപ്പെട്ടുവെന്നുമായിരുന്നു പരാതി. എന്നാൽ പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും, യുവതിയിൽ നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്നുമുള്ള വാദങ്ങൾ ഹൈകോടതി തള്ളിയിരുന്നു. ജാതി അധിക്ഷേപത്തേക്കാൾ ബി.എൻ.എസ് പ്രകാരമുള്ള പീഡനാരോപണം ഗുരുതരമാണെന്ന് കണ്ടായിരുന്നു ഹൈകോടതി ജാമ്യം നിഷേധിച്ചത്.വ്യക്തിബന്ധങ്ങളിലെ തർക്കങ്ങൾക്കിടയിൽ ക്രിമിനൽ വകുപ്പുകൾക്കൊപ്പം എസ്.സി/എസ്.ടി നിയമം കൂടി ചുമത്തപ്പെടുന്ന കേസുകളിൽ ഈ വിധി നിർണ്ണായകമാകും. കുറ്റകൃത്യത്തിൽ ജാതി വിവേചനം പ്രഥമദൃഷ്ട്യാ ഉണ്ടോ എന്ന് പരിശോധിക്കാൻ ഈ വിധി കീഴ്ക്കോടതികളെ പ്രേരിപ്പിക്കും. മുൻകൂർ ജാമ്യം ഭരണഘടനാപരമായ അവകാശമാണെന്നും അത് നിഷേധിക്കുമ്പോൾ കൃത്യമായ ജുഡീഷ്യൽ പരിശോധന വേണമെന്നും സുപ്രീം കോടതി ഒരിക്കൽ കൂടി അടിവരയിട്ടു.
എസ്.സി/എസ്.ടി കേസിൽ മുൻകൂർ ജാമ്യം യാന്ത്രികമായി നിഷേധിക്കരുത്; സുപ്രീം കോടതി
