നീതി ഏകപക്ഷീയമല്ല’;വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന ഹർജികേന്ദ്രത്തിന് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മതപരമോ അല്ലാത്തതോ ആയ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് സ്വീകരിച്ചത്.ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. ഹർജിക്കാരൻ ഫെബ്രുവരി 4-ന് നൽകിയ നിവേദനം കേന്ദ്ര സർക്കാർ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.ഹർജിയിൽ വാദം തുടരാൻ ഹർജിക്കാരൻ ശ്രമിച്ചപ്പോൾ, തങ്ങൾ അല്പം പരമ്പരാഗതമായ രീതി പിന്തുടരുന്ന ജഡ്ജിമാരാണെന്നും എടുത്തുചാടി തീരുമാനങ്ങൾ എടുക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നീതി എന്നത് ഒരു ഏകപക്ഷീയമായ വഴിയല്ലെന്നും അതിൽ ഭരണകൂടത്തിനും വ്യക്തമായ പങ്കുണ്ട് എന്നും കോടതി നിരീക്ഷിച്ചു.ഉത്തർപ്രദേശ് അതിർത്തി ജില്ലകളിൽ ഇത്തരത്തിൽ നിരവധി അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ ആരോപിച്ചു. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ ഇത്തരം സ്ഥാപനങ്ങൾ വർധിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *