രാജ്യദ്രോഹക്കേസിൽ 78കാരനായ മുഹമ്മദ് നഈമിനെ എൻഐഎ കോടതി വെറുതെവിട്ടു

ലക്നൗ: 33 വർഷം പഴക്കമുള്ള രാജ്യദ്രോഹക്കേസിൽ 78കാരനെ ലക്നൗവിലെ എൻഐഎ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിയായ മുഹമ്മദ് നയീമിനെയാണ് കോടതി വെറുതെവിട്ടത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിർണായക തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി ഉമാകാന്ത് ജിൻഡാലിന്റെ സുപ്രധാന വിധി.1993 ജനുവരി 26നാണ് ഗൊരഖ്പൂരിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഈ കേസ് രജിസ്റ്റർ ചെയ്തത്. പട്രോളിംഗിനിടെ ഇസ്മായിൽപൂർ പ്രദേശത്ത് ചിലർ കരിങ്കൊടി ഉയർത്തുകയും ‘പാകിസ്താൻ സിന്ദാബാദ്’, ‘റിപ്പബ്ലിക് ഡേ മൂർദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു എന്നായിരുന്നു എഫ്ഐആറിലെ പ്രധാന ആരോപണം. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഇന്ത്യയിൽ മറ്റൊരു പാകിസ്താൻ വേണമെന്ന തരത്തിൽ ഇവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും, മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചുവെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു എന്നും സംഭവസ്ഥലത്ത് നിന്ന് നാല് കരിങ്കൊടികൾ കണ്ടെടുത്തു എന്നുമാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് മുഹമ്മദ് നയീം, മുഹമ്മദ് യൂസഫ്, അതാഉല്ല തുടങ്ങി നിരവധി പേർക്കെതിരെ ഐപിസി സെക്ഷൻ 124A (രാജ്യദ്രോഹം), 295A, 153B എന്നീ വകുപ്പുകൾ ചുമത്തിവിചാരണ വേളയിൽ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകളാണ് കോടതി കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു എന്ന് പറയപ്പെടുന്ന കരിങ്കൊടികളോ, അത് വ്യക്തമാക്കുന്ന രേഖകളോ വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് എത്തുമ്പോഴേക്കും മുദ്രാവാക്യം വിളിച്ചവർ ഓടിരക്ഷപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായ കോൺസ്റ്റബിൾ ദുർവിജയ് സിങ് സമ്മതിച്ചതോടെ, പ്രതികളെ പൊലീസ് എങ്ങനെ തിരിച്ചറിഞ്ഞു എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികളെ തിരിച്ചറിയാനോ മുഹമ്മദ് നയീമിനെ സംഭവവുമായി ബന്ധിപ്പിക്കാനോ സഹായിക്കുന്ന സ്വതന്ത്ര സാക്ഷികളെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കൂടാതെ, പരാതിക്കാരനായ അന്നത്തെ ഇൻസ്‌പെക്ടറെ ക്രോസ് വിസ്താരത്തിന് വിധേയനാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *