വനിതാ കളക്ടര്‍ക്ക് അശ്ലീല സന്ദേശം, മദ്യപിച്ച് എംഎല്‍എ വന്നു; വിജയ് സര്‍ക്കാരിനെ വിറപ്പിച്ച് ഹൈക്കോടതി

ചെന്നൈ: സി ജോസഫ് വിജയ് സര്‍ക്കാരിനോട് മുഖം കടുപ്പിച്ച് മദ്രാസ് ഹൈക്കോടതി. വനിതാ കളക്ടര്‍ക്ക് ടിവികെ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്ന പരാതിയിലാണ് കോടതി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ചോദ്യം ചെയ്തത്. ഭരണകൂടം ആരെയാണ് സംരക്ഷിക്കുന്നതെന്നും മാസങ്ങള്‍ക്ക് മുമ്പ് വിവരം ലഭിച്ചിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും ഹൈക്കോടതി ചോദിച്ചു.

കള്ളക്കുറിച്ചി ടിവികെ എംഎല്‍എ അരുണ്‍ വിഘ്‌നേഷിനെതിരെയാണ് ആരോപണം. കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ജെഇ പത്മജയ്ക്ക് വാട്‌സാപ്പ് വഴി അശ്ലീല സന്ദേശം അയക്കുകയും രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തുകയും ചെയ്തു എന്നാണ് പരാതി. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത് എങ്കിലും ഇതുവരെ എംഎല്‍എക്കെതിരെ നടപടിയുണ്ടായിട്ടില്ല എന്നതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണം.

വിഷയം പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് ലക്ഷ്മിനാരായണന്‍ വ്യക്തമാക്കി. ജൂലൈ 31ന് വിഷയം പുറത്തുവന്നിട്ടുണ്ട്. ഇത്രയും കാലം എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് കോടതി ചോദിച്ചു. ഇക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിച്ചെങ്കിലും, കോടതി ആവശ്യപ്പെട്ടപ്പോഴാണ് നടപടിക്ക് തയ്യാറായത് എന്ന് ജഡ്ജി നിരീക്ഷിച്ചു. കളക്ടറുമായി സര്‍ക്കാര്‍ സംസാരിച്ചോ, അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നടപടി എടുത്തോ, സ്ത്രീകളുടെ പദവി നോക്കിയല്ല, ആരായാലും ലൈംഗിക അതിക്രമത്തില്‍ നിന്ന് സംരക്ഷണം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *