ശബരിമല: പമ്പാ നദിയില്‍ വസ്ത്രങ്ങളും മാലിന്യവും നിക്ഷേപിക്കുന്നവര്‍ക്കെതിരേ 5,000 രൂപ വരെ പിഴ ഈടാക്കാനുള്ള എഡിഎമ്മിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.ശബരിമലയിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) സമര്‍പ്പിച്ച പരിശോധന റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.
പമ്പയെ മലിനമാക്കുന്ന പ്രവൃത്തികള്‍ തടയുന്നതിനായി കോടതി നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാണ് എഡിഎമ്മിന്റെ നടപടിയെന്ന് ബെഞ്ച് വ്യക്തമാക്കി. ബിഎന്‍എസ്എസ് സെക്ഷന്‍ 163 പ്രകാരമാണ് എഡിഎം ദിലീപ് കെ കൈനിക്കര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. കേസ് ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.
