ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രേംകുമാറും കുടുംബാംഗങ്ങളും ചേർന്ന് 300 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് സംസ്ഥാന സർക്കാർ കോടതിയില്‍ വ്യക്തമാക്കി. സാധാരണ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.സംസ്ഥാനത്ത് നിലവില്‍ നാല് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശൃംഖല പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സർക്കാർ ചൂണ്ടിക്കാട്ടി. നേരത്തെ അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ പ്രേംകുമാറിന് ജാമ്യം ലഭിക്കുകയും തുടർന്ന് അറസ്റ്റിന് മുൻകൂർ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ കേസില്‍ അന്വേഷണ സംഘത്തിന്റെ തുടർനടപടികള്‍ കൂടുതല്‍ ശക്തമാകും. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഉള്‍പ്പെടെയുള്ള ഏജൻസികളും അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കോടതിയുടെ ഈ ഉത്തരവ് പ്രേംകുമാറിന് കനത്ത തിരിച്ചടിയാണ്.
ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്. പ്രേംകുമാറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
