തിരുവനന്തപുരം ∙ കാപ്പ കേസിനൊപ്പം അയോഗ്യതാ ഭീഷണിയുമുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് അടുത്തനീക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24ന് അകം പുറത്തിറങ്ങി വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും. നഗരസഭയിൽ ബിജെപിയുടെ കേവലഭൂരിപക്ഷവും അതോടെ പ്രതിസന്ധിയിലാകും. കാപ്പ കേസ് ചുമത്തി റിമാൻഡിൽ കഴിയുന്ന സുഗതന്റെ ജാമ്യ ഹർജിയിൽ ആദ്യം തീരുമാനമെടുക്കേണ്ടത് കാപ്പ ഉപദേശക സമിതിയാണ്. ഇതനുസരിച്ച് 2 ആഴ്ച മുൻപ് സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞമാസം 29ന് ഉപദേശക സമിതി വാദം കേട്ടിരുന്നു. എന്നാൽ, ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നിയമനം നേടിയവരാണ് കാപ്പ ഉപദേശക സമിതിയിലെ അംഗങ്ങൾ. സമിതിയിൽനിന്ന് സുഗതന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഹൈക്കോടതിയിൽനിന്ന് സുഗതന് അനുകൂല വിധിയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ 20 കൗൺസിലർമാരെ അയോഗ്യരാക്കിയ ഹൈക്കോടതി 4 ആഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നു നിർദേശിച്ചിരുന്നു. ഇതിൽ 19 പേർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജയിലിലായ സുഗതന് മാത്രം സത്യപ്രതിജ്ഞ ചെയ്യാനായില്ല. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന അപേക്ഷയുമായാകും സുഗതൻ ഹൈക്കോടതിയെ സമീപിക്കുക. കാപ്പ കേസിൽ ജാമ്യം ലഭിച്ചില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്കായി ഏതാനും ദിവസം പരോൾ അനുവദിച്ചേക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ബിജെപി കൗൺസിലർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനം നഷ്ടമാകും
