കളിയാക്കിയതിന് അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ

കളിയാക്കിയതിന് അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ.ചടയമംഗലം കുരിയോട് സ്വദേശി സാബുവിനെ (46) ആണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ ഷാനവാസ് ശിക്ഷിച്ചത്. 2019 മാർച്ച്‌ 17-ന് രാത്രി 7.30-ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചത്.ഭയന്നോടുന്നതിനിടെ വീണ പരാതിക്കാരനെ പ്രതികള്‍ ആയുധങ്ങളുപയോഗിച്ച്‌ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 341-ാം വകുപ്പ് പ്രകാരം ഒരു മാസം തടവും 500 രൂപ പിഴയും 326-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 10,000 രൂപ പിഴയും 307-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാല് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പിഴ ഈടാക്കുന്ന പക്ഷം പരിക്കേറ്റ പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു. സംഭവ സമയത്ത് ചടയമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന അഷ്റഫാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അന്നത്തെ പോലീസ് ഇൻസ്പെക്ടർ കെ എല്‍ നിഷാന്ത് പ്രാഥമിക അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. തുടർന്ന് ചടയമംഗലം പോലീസ് ഇൻസ്പെക്ടറായിരുന്ന സജു എസ് ദാസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. വെളിയം കെ ഷാജി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *